കൊച്ചി: നരബലിക്കായി കൂടുതല്‍ സ്ത്രീകളെ ഷാഫി സമീപിച്ചിരുന്നതായി കൂടുതല്‍ തെളിവുകള്‍ പുറത്ത്. പൂജയില്‍ പങ്കെടുത്താല്‍ കൂടുതല്‍ പണം നല്‍കാമെന്ന വാഗ്ദാനമാണ് യുവതികളോട് ഷാഫി മുന്നോട്ട് വെച്ചത്. പണം വാഗ്ദാനം ചെയ്തു തന്നെ സമീപിച്ചതായി കൊച്ചി സ്വദേശിനിയാണ് വെളിപ്പെടുത്തിയത്. തിരുവല്ലയിലെ ദമ്പതികള്‍ക്കു വേണ്ടി പൂജ നടത്തണമെന്നായിരുന്നു ആവശ്യം. ഇതില്‍ സഹകരിച്ചാല്‍ ഒന്നര ലക്ഷം രൂപ ലഭിക്കുമെന്നും ഷാഫി ഒരു ലക്ഷം രൂപയെടുത്ത ശേഷം അരലക്ഷം തനിക്ക് നല്‍കാമെന്ന് പറഞ്ഞതായും യുവതി പറഞ്ഞു.
Read Also: ‘നരബലിക്ക് ശേഷം മനുഷ്യമാംസം പാചകം ചെയ്ത് കഴിച്ചു’: ലൈലയുടെ മൊഴി – ഞെട്ടൽ, മൂക്കത്ത് വിരൽ വെച്ച് ജനം
കൊല്ലപ്പെട്ട പത്മയെയും റോസ്‌ലിയെയും അടുത്തറിയാമെന്നു പറഞ്ഞ യുവതി, റോസ്‌ലിക്കു സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും പറയുന്നു. റോസ്‌ലിയെ തിരുവല്ലയില്‍ കൊണ്ടുപോയി രക്ഷപ്പെടുത്തിയെന്നു ഷാഫി പറഞ്ഞതായും യുവതി വ്യക്തമാക്കി. ആരെയും കൊല്ലുമെന്നും രക്തം കാണുന്നതില്‍ പേടിയില്ലെന്നും ഷാഫി അവകാശപ്പെട്ടതായും രക്ഷപ്പെട്ടത് ദൈവാനുഗ്രഹമായി കരുതുന്നുവെന്നും യുവതി പറയുന്നു. ഡിണ്ടിഗല്‍ സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരിയെ ഷാഫി സമീപിച്ചതായി നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു.
‘കളമശേരി പൊലീസ് സ്റ്റേഷനില്‍ ഒരാളെ ചവിട്ടിക്കൊന്ന കേസ് ഇയാള്‍ക്കെതിരെ ഉണ്ട്. റോസ്ലിയെന്ന റീന ചേച്ചിയുമായി എനിക്ക് അടുപ്പമുണ്ട്. പത്മക്കയുമായി നല്ല അടുപ്പമുണ്ട്. ഫോട്ടോ കണ്ടപ്പോള്‍ തകര്‍ന്നുപോയി. റോസ്ലി ചേച്ചിയെ അവസാനമായി കാണുന്നത് അഞ്ച് മാസം മുന്‍പാണ്. എനിക്കറിയാവുന്ന എല്ലാ വിവരവും കടവന്ത്ര പൊലീസിനെ അറിയിച്ചിട്ടുണ്ട്. റോസ്‌ലിയെ തിരുവല്ലയില്‍ക്കൊണ്ടുപോയി രക്ഷപ്പെടുത്തിയെന്നും ലക്ഷങ്ങള്‍ വിലമതിപ്പുള്ള വീട് വാങ്ങിക്കൊടുത്തുവെന്നുമായിരുന്നു ഷാഫി ഞങ്ങളോടു പറഞ്ഞത്. നിങ്ങളെയും രക്ഷപ്പെടുത്താം നീയും വാടി എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ഞാനും പല ചേച്ചിമാരും അയാളുടെ ചതിക്കുഴിയില്‍ വീഴാതിരുന്നത് ദൈവാനുഗ്രഹം കൊണ്ടാണ്’, യുവതി പറഞ്ഞു.
‘കോട്ടയം, തിരുവല്ല, ചങ്ങനാശ്ശേരി എന്നീ മൂന്ന് സ്ഥലപ്പേരുകള്‍ ഷാഫി എപ്പോഴും പറയും. ഇവിടുള്ളവരോട് തിരുവല്ലയ്ക്കു പോകുന്ന കാര്യമാണ് കൂടുതലും പറഞ്ഞിട്ടുള്ളത്. ഞങ്ങള്‍ പരസ്പരം സംസാരിച്ചപ്പോള്‍ ഇതൊക്കെ പറഞ്ഞിട്ടുണ്ട്. അതു കേട്ടപ്പോള്‍ ഷാഫിയെ സംശയം തോന്നിയിരുന്നു. ഷാഫിക്ക് കോയമ്പത്തൂരൊക്കെ ബന്ധമുണ്ടെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. കിലോകണക്കിന് കഞ്ചാവ് ഇവിടെ കൊണ്ടുവന്നിറക്കിയിട്ടുണ്ട്. വന്‍ ബിസിനസ് ഉണ്ടെന്നൊക്കെയാണ് പറച്ചില്‍. ഞാനുള്‍പ്പെടെ പലര്‍ക്കും ഷാഫിയെ പേടിയാണ്. ഹോട്ടല്‍ നടത്തുന്നയാളാണ് ഷാഫി. അയാളുടെ ഭാര്യയും മൂന്നു മക്കളും അയാള്‍ക്കൊപ്പമുണ്ട്. അവര്‍ക്കും ഇതില്‍ പങ്കുണ്ടാകും. അവരെയും കൊണ്ടുപോയി ചോദ്യം ചെയ്യണം’ – യുവതി കൂട്ടിച്ചേര്‍ത്തു.
Post Your Comments