KeralaLatest NewsNews

പൂര്‍ണ രൂപത്തിലുള്ള തീര്‍ഥാടനത്തിന് സൗകര്യമൊരുക്കും: പത്തനംതിട്ട ജില്ലാ കളക്ടര്‍

പത്തനംതിട്ട: ശബരിമലയില്‍ പൂര്‍ണ രൂപത്തിലുള്ള തീര്‍ഥാടനത്തിന് സൗകര്യമൊരുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. കഴിഞ്ഞ ശബരിമല തീര്‍ഥാടന കാലത്തെ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നു. കൂടുതല്‍ തീര്‍ഥാടകരെ ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. സമയബന്ധിതമായി വകുപ്പുകള്‍ തീരുമാനങ്ങള്‍ നടപ്പാക്കണം. നിലയ്ക്കല്‍, സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ എല്ലാ ടോയ്ലറ്റ് കോംപ്ലക്സുകളും തുറന്നു പ്രവര്‍ത്തിക്കണം. പമ്പ ത്രിവേണിയില്‍ നദിയിലെ അപകടാവസ്ഥ ഒഴിവാക്കുന്നതിനുള്ള ബാരിക്കേഡ് മുന്‍കൂട്ടി നിര്‍മിക്കണം. ദേവസ്വം ബോര്‍ഡ് വെര്‍ച്വല്‍ ക്യൂ വിവരങ്ങള്‍ തിരക്കു നിയന്ത്രിക്കുന്നതിനായി പോലീസിന് മുന്‍കൂട്ടി കൈമാറണം. ഇടത്താവളങ്ങളും നിലയ്ക്കലും ഉള്‍പ്പടെ 12 സ്ഥലങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് ഉണ്ടാവുക. നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗിന് എട്ട് കൗണ്ടറുകള്‍ ഉണ്ടാവും. സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് താമസിക്കുന്നതിന് എല്ലാ മുറികളും തുറന്നു നല്‍കും. വിരിവയ്ക്കുന്നതിന് വലിയ നടപ്പന്തല്‍, മാളികപ്പുറം എന്നിവിടങ്ങളിലെ നടപ്പന്തലുകള്‍ക്കു പുറമേ ഒന്‍പത് വിരി ഷെഡ്ഡുകള്‍ സജ്ജമാക്കും. ദേവസ്വം ബോര്‍ഡിന്റെ ലേല നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

കാനനപാത ശുചീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും ആംബുലന്‍സിന്റെയും വിന്യാസം, മരുന്നു സംഭരണം തുടങ്ങിയ  പ്രവര്‍ത്തനം ആരംഭിച്ചു. കൊതുകു നശീകരണത്തിനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും മുന്‍കരുതല്‍ സ്വീകരിക്കും. ആന്റി വെനം ആശുപത്രികളില്‍ ലഭ്യമാക്കും. എലിഫന്റ് സ്‌ക്വാഡ്, സ്നേക് സ്‌ക്വാഡ്, ഇക്കോ ഗാര്‍ഡ് എന്നിവരെ വനം വകുപ്പ് നിയമിക്കും. അപകടകരമായ മരങ്ങളും ചില്ലകളും നീക്കം ചെയ്യും. കാനനപാത സമയബന്ധിതമായി തെളിക്കും. പൊതുമരാമത്ത് നിരത്തു വിഭാഗം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. വിവിധ ഭാഷകളിലുള്ള സൂചനാ ബോര്‍ഡുകള്‍ റോഡുകളില്‍ സ്ഥാപിക്കും.

വാട്ടര്‍ അതോറിറ്റി തീര്‍ഥാടകര്‍ക്കുള്ള കുടിവെള്ളം ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളും ടെന്‍ഡര്‍ ചെയ്തു കഴിഞ്ഞു. ആവശ്യമെങ്കില്‍ അധിക ഷവര്‍ യൂണിറ്റുകളും സ്ഥാപിക്കും. ബി എസ് എന്‍ എല്‍ കവറേജ് ഉറപ്പാക്കും. ബ്രോഡ്ബാന്‍ഡ്, സിം കാര്‍ഡ് സേവനങ്ങളും ലഭ്യമാക്കും. കുടുംബശ്രീ തുണി സഞ്ചി വിതരണം നടത്തും. ചെങ്ങന്നൂര്‍, തിരുവല്ല റെയില്‍വേ സ്റ്റേഷനുകളില്‍ ജില്ലാശുചിത്വമിഷന്‍ പ്ലാസ്റ്റിക്ക് കാരി ബാഗ് എക്ചേഞ്ച് കൗണ്ടര്‍ സ്ഥാപിക്കും. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട സന്ദേശം വെര്‍ച്ച്വല്‍ ക്യൂ ടിക്കറ്റിലോ വെബ് സൈറ്റിലോ നല്‍കും. ശബരിമല സേഫ്സോണ്‍ പദ്ധതിയുടെ ഭാഗമായി കുട്ടിക്കാനം, എരുമേലി, ഇലവുങ്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് റോഡ് സുരക്ഷ ഉറപ്പാക്കും. വാഹനം അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള സേവനവും ഇതിന്റെ ഭാഗമായി ലഭ്യമാക്കും.

പമ്പ ത്രിവേണിയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബാരിക്കേഡ് ദേവസ്വം ബോര്‍ഡ് നിര്‍മിക്കണമെന്നും എസ്പി പറഞ്ഞു. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങളുടെ പുരോഗതി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

അടൂര്‍ ആര്‍.ഡി.ഒ എ. തുളസീധരന്‍ പിള്ള, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, അയ്യപ്പസേവാ സംഘം വൈസ് പ്രസിഡന്റ് അഡ്വ.ഡി വിജയകുമാര്‍, പന്തളം കൊട്ടാരം പ്രതിനിധി ദീപ വര്‍മ്മ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button