പത്തനംതിട്ട. മന്ത്രവാദി ഷാഫി സംസ്ഥാനത്ത് കൂടുതൽ നരബലികൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. നരബലിക്കായി ഷാഫി സ്ത്രീകളെ തട്ടിക്കൊണ്ടുപോയത് വ്യക്തമായ ആസൂത്രണത്തിലാണെന്നും മന്ത്രവാദിയുടെ ഓരോ നീക്കവും ശ്രദ്ധാപൂർവം ആയിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ഇതെല്ലം ഷാഫി ഒറ്റയ്ക്ക് ചെയ്തതാണെന്ന് പൊലീസ് വിശ്വസിക്കുന്നില്ല. മറ്റുചിലരുടെ സഹായം കിട്ടിയിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.
ഷാഫി സ്ത്രീകളെ തട്ടിക്കൊണ്ടുപോയ വാഹനം കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസംമുമ്പാണ് സ്ത്രീകളെ കാണാതാവുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തതയും അപ്പോൾ ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ഷാഫി എന്നയാൾ തിരുവല്ലയിലേക്ക് പോകാമോ എന്ന് ചോദിച്ച് തങ്ങളിൽ ചിലരെ സമീപിച്ചിരുന്നതായി ലോട്ടറി വില്പനക്കാരായ ചില സ്ത്രീകൾ പാെലീസിനെ അറിയിക്കുന്നത്. കടവന്ത്രയിൽ കട നടത്തിയിരുന്ന ഷാഫിയെ ഇവർക്കെല്ലാം അറിയാമായിരുന്നു.
ഈ സാഹചര്യത്തിലാണ് ഒരു സ്ത്രീ ഷാഫിക്കൊപ്പം പോയ വിവരവും ലഭിക്കുന്നത്. ഷാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ തുടർന്ന് കൊലയുടെ വിവരങ്ങൾ അയാൾ തുറന്നു സമ്മതിക്കുകയായിരുന്നു. മുഹമ്മദ് ഷാഫി കൊടും ക്രിമിനൽ ആണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടും പുറത്ത് വന്നു. എറണാകുളം പുത്തൻ കുരിശ് പോലീസ് സ്റ്റേഷൻ പരിധിയിൽ 75കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ വിചാരണ നേരിടാനിരിക്കുകയാണ് ഇപ്പോൾ ഷാഫി. ഈ കേസിൽ ഇയാൾ ജയിലിൽ കിടന്നത് ഒരുവർഷം മാത്രമാണ്.
Post Your Comments