തിരുവനന്തപുരം: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്ത് പോലീസ്. പല സ്ഥലത്ത് കൊണ്ടുപോയി തന്നെ പീഡിപ്പിച്ചെന്ന അധ്യാപികയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കോവളം പോലീസ് ആണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ഇന്നലെ വഞ്ചിയൂർ കോടതിയിലാണ് അധ്യാപിക കൂടിയായ യുവതി മൊഴി നൽകിയത്. കോവളത്ത് കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്നും ഇവർ മജിസ്ട്രേറ്റിനോട് പറഞ്ഞു. കോവളം പൊലീസിൽ ഇവർ ഇന്ന് മൊഴി നൽകി. എന്നാൽ, പൂർണമൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് അറിയിച്ചു. കാറിൽ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ താൻ പരാതി നൽകിയതോടെ ഒത്തുതീർക്കാൻ സമ്മർദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്തെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലുണ്ട്.
എൽദോസ് കുന്നപ്പിള്ളിക്കെതിരെ മൊഴി നൽകാനെത്തിയ പരാതിക്കാരി കുഴഞ്ഞു വീണതോടെയാണ് മുഴുവൻ മൊഴിയും രേഖപ്പെടുത്താൻ കഴിയാതെ പോയത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മാസം 14-നാണ് എൽദോസ് കുന്നപ്പിള്ളിയും സുഹൃത്തായ യുവതിയും കോവളത്തെത്തിയത്. അവിടെവെച്ച് വാക്കുതർക്കമുണ്ടാവുകയും കുന്നപ്പിള്ളി മർദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. പിന്നീട് സിറ്റി പൊലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകിയിരുന്നു. പരാതി കോവളം സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നില്ല.
ഒരാഴ്ചയോളം പരാതിയിൽ കേസെടുക്കാതെയിരുന്ന പൊലീസ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയോട് ഹാജരാകാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. കാണാതായെന്ന പരാതിയിൽ കേസെടുത്ത സാഹചര്യത്തിൽ യുവതിയെ കൂട്ടിക്കൊണ്ടുവന്ന പൊലീസ് ഇവരെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. മജിസ്ട്രേറ്റിന് മുൻപിൽ എത്തിയപ്പോൾ നേരത്തെ നൽകിയ പരാതിയേക്കാൾ ഗൗരവമാർന്ന ആരോപണങ്ങൾ യുവതി ഉന്നയിച്ചു.
Post Your Comments