പാലക്കാട്: ലഹരി ഉപയോഗത്തിനെതിരെയുള്ള മുന്നണി പോരാളികളായി വിദ്യാര്‍ത്ഥികള്‍ മാറണമെന്നും ലഹരിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്- എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിവിമുക്ത ക്യാമ്പയിന്റെയും ഭാഗമായി ഗവ. വിക്‌ടോറിയ കോളെജ് മൈതാനത്ത് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും 1000 ബലൂണുകള്‍ ഉയര്‍ത്തുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മയക്കുമരുന്നിനും ലഹരിക്കും എതിരെയുള്ള ഒരു ജനകീയ യുദ്ധത്തിലാണ് കേരളം ഇന്ന് ഏര്‍പ്പെട്ടിട്ടുള്ളത്. മയക്ക്മരുന്ന് മാഫിയ ലക്ഷ്യം വെയ്ക്കുന്നത് കുട്ടികളെയും സ്‌കൂള്‍-കോളെജ് വിദ്യാര്‍ത്ഥികളെയുമാണ്. ലഹരി മാഫിയയുടെ ഭയാനകമായ നീരാളി പിടുത്തം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ആണ്‍-പെണ്‍ വ്യത്യാസം ലഹരി ഉപയോഗത്തില്‍ ഇല്ല. പെണ്‍കുട്ടികളെ ധാരാളമായി ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട്. ലഹരിയിലൂടെ പെണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്. ലഹരി പലതരത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. അതിന്റെ വിതരണശൃംഖലയെ സംബന്ധിച്ചും വിതരണം ചെയ്യുന്നവരെ കുറിച്ചും എല്ലാ വിവരങ്ങളും എക്‌സൈസിന്റെയും പോലീസിന്റെയും കൈയിലുണ്ട്. നിരന്തരം ഇതില്‍ ഏര്‍പ്പെടുന്നവരുടെ ഡേറ്റ ബാങ്ക് പോലീസും എക്‌സൈസും തയ്യാറാക്കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.
ലഹരിയെ സംബന്ധിച്ച് വിവരങ്ങള്‍ അറിഞ്ഞാല്‍ അത് അധ്യാപകരുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. അതിനായി അധ്യാപകര്‍ക്ക് പ്രത്യേകം പരിശീലനം കൊടുത്തിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും നിരീക്ഷണ സമിതിയുണ്ട്. അവരത് എക്‌സൈസിനെയും പോലീസിനെയും അറിയിക്കും. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ മുഴുവന്‍ കുറ്റവാളികളായി കണക്കാക്കുമെന്ന് ഭയപ്പെടേണ്ട കാര്യമില്ല. അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിങ്, സൈക്യാട്രിക് സേവനങ്ങള്‍ കൊടുത്ത് രക്ഷപ്പെടുത്തി തിരിച്ചു കൊണ്ടുവരിക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെയും വിതരണം ചെയ്യുന്നതിനെയും സംബന്ധിച്ച് വിവരങ്ങള്‍ അറിഞ്ഞിട്ടും മറച്ചു വെച്ചാല്‍ അത് കുറ്റകരമാണ്. വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍ വരുന്ന കാര്യങ്ങള്‍ അധ്യാപകരെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. ലഹരി ഉപയോഗിക്കുക ലഹരിക്ക് അടിമയാവുക എന്നാല്‍ മരിച്ചതിന് തുല്യമാണ്. സ്വന്തം ബുദ്ധിയും ബോധവും അനുസരിച്ചല്ല ലഹരി ഉപയോഗിക്കുന്നവര്‍ പ്രവര്‍ത്തിക്കുക. അതുകൊണ്ട് ഓരോരുത്തരും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും മന്ത്രി പറഞ്ഞു.
Post Your Comments