ഹാസ്യ കഥാപാത്രങ്ങളാണെങ്കിലും സീരിയസ് വേഷമാണെങ്കിലും ബിന്ദു പണിക്കർ സ്‌ക്രീനിൽ ഉണ്ടെങ്കിൽ മറ്റ് അഭിനേതാക്കളെ ശ്രദ്ധിക്കാൻ പ്രേക്ഷകർ മറന്നുപോകും. തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ അത്രയും സൂഷ്മതയോടെയാണ് ബിന്ദു പണിക്കർ അവതരിപ്പിക്കാറുള്ളത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മമ്മൂട്ടിയുടെ റോഷാക്ക് എന്ന സിനിമയിലെ ബിന്ദു പണിക്കരുടെ സീത എന്ന കഥാപാത്രം. ബിന്ദു പണിക്കരുടെ കരിയറില്‍ ചെയ്തതില്‍ ഏറ്റവും മികച്ച വേഷം തന്നെയാണ് റോഷാക്കിലേത് എന്ന് സംശയമില്ല.
സീതയായുള്ള ബിന്ദു പണിക്കരുടെ പകർന്നാട്ടം മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. റോഷാക്ക് കണ്ടതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല എന്ന് ബിന്ദു പറയുന്നു. നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ചിത്രമാണ് റോഷാക്ക് എന്നും തന്റെ അഭിനയം കണ്ട് താൻ സ്വയം ഞെട്ടിയെന്നും ബിന്ദു പണിക്കർ പറയുന്നു. മനോരമ ഓൺലൈന് നൽകിയ ആഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. കൂടെ അഭിനയിച്ചവരെ കുറിച്ചും, അവരുടെ അഭിനയത്തെ കുറിച്ചും ബിന്ദു മികച്ച അഭിപ്രായമാണ് പറയുന്നത്.
‘ജഗദീഷേട്ടനെപ്പറ്റി പറയാതിരിക്കാൻ പറ്റില്ല. സിനിമ കണ്ടു വന്നിട്ട് എനിക്ക് നെഞ്ചിനൊരു വിങ്ങലാണ്. ഞാൻ ചെയ്ത കഥാപാത്രത്തെ കണ്ടിട്ട് എനിക്ക് തന്നെ പേടിയായി. സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും ആ കഥാപാത്രം എന്നെ വല്ലാതെ പിന്തുടരുന്നുണ്ടാരുന്നു. സീത എങ്ങനെയുള്ള കഥാപാത്രമാണെന്ന് എനിക്കറിയാം, പക്ഷേ സിനിമ കണ്ടപ്പോൾ, ഞാൻ മനസ്സിലാക്കിയതിൽ നിന്ന് എത്ര വ്യത്യസ്തമായിട്ടാണ് നിസ്സാം സീതയെ അവതരിപ്പിക്കുന്നതെന്ന് മനസ്സിലായി. നിങ്ങൾക്ക് സീതയിൽ ബിന്ദു പണിക്കരെ കാണാൻ കഴിയില്ല, ഞാൻ സീതയായി മാറുകയായിരുന്നു. സിനിമ കണ്ടു കഴിഞ്ഞു കുറച്ചു നേരത്തേക്ക് ശബ്ദിക്കാൻ പറ്റിയില്ല. വല്ലാത്ത ഒരവസ്ഥയിൽ ആയിപ്പോയി. ഇങ്ങനെയുള്ള മനുഷ്യരുണ്ടോ?’, ബിന്ദു പണിക്കർ ചോദിക്കുന്നു.
Post Your Comments