തിരുവല്ല: കേരളത്തെ ഞെട്ടിച്ച നരബലി വാർത്തയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാലടി, കടവന്ത്ര സ്വദേശികളായ രണ്ട് സ്ത്രീകളെ നരബലി നൽകിയ സംഭവത്തിൽ ഏജന്റ് അടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ദമ്പതിമാരായ ഭഗവന്തും ലൈലയുമാണ് തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഐശ്വര്യത്തിനും വേണ്ടി പാവങ്ങളായ രണ്ട് സ്ത്രീകളെ നരബലി നൽകിയത്. പെരുമ്പാവൂർ സ്വദേശിയായ ഷാഫി എന്ന റഷീദ് വഴിയാണ് സ്ത്രീകളെ ഇവർ തിരഞ്ഞെടുത്തത്.
സോഷ്യൽ മീഡിയ വഴിയാണ് ദമ്പതികൾ ഷാഫിയെ പരിചയപ്പെടുന്നതും, ആഭിചാര ക്രിയകൾക്കായി സ്ത്രീകളെ വേണമെന്ന് ആവശ്യപ്പെടുന്നതും. ലോട്ടറി വില്പനക്കാരിയായ പാവപ്പെട്ട സ്ത്രീയെ ആയിരുന്നു ഷാഫി ആദ്യം തിരഞ്ഞെടുത്തത്. ശേഷം രണ്ടാമത്തെ സ്ത്രീയെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. സ്ത്രീകളെ ഷാഫി തന്നെയാണ് ദമ്പതികളുടെ വീട്ടിലെത്തിച്ചത്. ഇവിടെ വെച്ച് ഇവരെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് കുഴിച്ചിടുകയായിരുന്നു.
മൃതദേഹം കണ്ടെടുക്കാൻ ആർ.ഡി.ഒ അടക്കമുള്ളവർ തിരുവല്ലയിലെത്തി. മിസ്സിംഗ് കേസ് അന്വേഷണത്തിലാണ് നരബലി നടന്നതായി കണ്ടെത്തിയത്. ഏകദേശം അൻപത് വയസിനോട് അടുത്ത് പ്രായമുള്ള സ്ത്രീകളെയാണ് നരബലി നടത്തിയത്. കടവന്ത്ര പൊന്നുരുന്നി പഞ്ചവടി കോളനിയിൽനിന്നു കാണാതായ പത്മ എന്ന സ്ത്രീയെയാണ് ആദ്യം കൊലപ്പെടുത്തിയത്. ലോട്ടറി വിൽപന നടത്തി വന്നിരുന്ന ഇതര സംസ്ഥാനക്കാരിയായ ഇവരെ ഷാഫി ആണ് തട്ടിക്കൊണ്ടുപോയത്.
Post Your Comments