ചെന്നൈ: കേരളത്തിൽ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി തമിഴ്നാട്ടിൽ എൻഐഎയുടെ അറസ്റ്റിലായ എൽടിടിഇ അനുകൂലികളുടെ മൊഴി. സേലം സ്വദേശികളായ നവീൻ ചക്രവർത്തി (24), സഞ്ജയ് പ്രകാശ് (25) എന്നിവരാണ് എൻഐഎയുടെ പിടിയിലായത്. തമിഴ്നാടിന് അർഹമായ വെളളം വിട്ടുകിട്ടുന്നതിന് വേണ്ടി കേരളത്തിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഈ ലക്ഷ്യത്തിനു വേണ്ടി വേൾഡ് തമിഴ് ജസ്റ്റിസ് കോടതി (ഡബ്ല്യുടിജെസി) എന്ന പേരിൽ ഗറില്ലാ പ്രസ്ഥാനം ആരംഭിക്കാനായിരുന്നു നീക്കമെന്നും ഇവർ മൊഴി നൽകി.
ഇവരുടെ താമസസ്ഥലത്ത് എൻഐഎ നടത്തിയ റെയ്ഡിൽ എൽടിടിഇയെ കുറിച്ചുള്ള പുസ്തകങ്ങൾ, കൊല്ലപ്പെട്ട നേതാവ് പ്രഭാകരൻ ഉൾപ്പെടെയുള്ള എൽടിടിഇ നേതാക്കളുടെ ഫോട്ടോകൾ, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കൾ എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ബില്ലുകൾ, കാട്ടിൽ കഴിയാനുളള കിറ്റുകൾ, സയനൈഡിന് പകരമായി ഉപയോഗിക്കുന്ന വിഷ ചെടികളും വിത്തുകളും എന്നിവ റെയ്ഡിൽ പിടിച്ചെടുത്തു. വീട് വാടകയ്ക്ക് എടുത്ത് ആയുധ നിർമാണവും നടത്തിയിരുന്നതായും എൻഐഎ കണ്ടെത്തി.
എൽടിടിഇയുമായി ബന്ധപ്പെട്ട കോംപാക്റ്റ് ഡിസ്‌കുകൾ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള കുറ്റകരമായ വസ്തുക്കൾ വീണ്ടെടുക്കാൻ സാധിച്ചതായി ദേശീയ അന്വേഷണ ഏജൻസി വക്താവ് പറഞ്ഞു. തമിഴ്‌നാട്ടിലെ വാണിജ്യ സ്ഥാപനങ്ങൾക്കും പ്രമുഖ നേതാക്കൾക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ 7ന് ദേശീയ അന്വേഷണ ഏജൻസി എൽടിടിഇ അനുകൂലികൾക്കായി സേലത്തും ശിവഗംഗയിലും നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്.
Post Your Comments