തിരുവനന്തപുരം: മത വിശ്വാസം അന്ധ വിശ്വാസമായി വളരുകയും അതൊരു സാമൂഹിക തിന്മയായി ഇതുപോലെ രൂപാന്തരപെടുകയും ചെയ്യുന്ന സംഭവങ്ങളെ ജാഗ്രതയോടെ കാണണമെന്ന് ഡിവൈഎഫ്‌ഐ. പത്തനംതിട്ടയിൽ നരബലി നടന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത ചർച്ചയാകുമ്പോഴാണ് ഡിവൈഎഫ്‌ഐയുടെ പ്രതികരണം.
read also: അതിവേഗം പടരുന്ന രണ്ട് ഒമിക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്
നവോത്ഥാന ആശയങ്ങളുടെ കരുത്തു കൊണ്ടും അതിന്റെ തുടര്‍ച്ചയില്‍ സാമൂഹിക പുരോഗതിയിലും സാക്ഷരതയിലും രാജ്യത്തിനു മാതൃകയായ കേരളത്തില്‍ ഇങ്ങനെ ഒരു സംഭവം നടക്കാന്‍ പാടില്ലാത്തതും നാണക്കേടുമാണെന്നു പറഞ്ഞ ഡിവൈഎഫ്‌ഐ ശാസ്ത്ര ചിന്തയും നവോത്ഥാന ആശയങ്ങളും കൂടുതല്‍ ജാഗ്രതയോടെ പ്രചരിപ്പിക്കാന്‍ വിപുലമായ ക്യാംപെയ്‌നുകള്‍ സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
സാമൂഹിക വിദ്യാഭ്യാസത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍നിന്നു വാര്‍ത്തകളില്‍ മാത്രം കേട്ടു ശീലിച്ച ഇത്തരം കൃത്യങ്ങള്‍ കേരളത്തിലെ മണ്ണില്‍ എങ്ങനെ നടന്നു എന്നതു സാംസ്‌കാരിക കേരളം ഗൗരവത്തിലെടുക്കേണ്ടതാണ്. കേരളത്തില്‍ വലതുപക്ഷവല്‍കരണത്തിനു വേണ്ടി നടത്തപ്പെടുന്ന ആശയ പ്രചരണമാണ് ഇത്തരം പിന്തിരിപ്പന്‍ ശക്തികള്‍ക്കു വളമാവുന്നത്.
അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും ഉയര്‍ത്തെഴുന്നേറ്റു നില്‍ക്കുകയും അതിന് രാഷ്ടീയവും സാമൂഹികവുമായ പിന്തുണ നല്‍കാന്‍ സ്വത്വരാഷ്ട്രീയ ആശയഗതിക്കാര്‍ മത്സരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കേരളം പതിറ്റാണ്ടുകളുടെ ശ്രമഫലമായി നേടിയെടുത്ത സാമൂഹിക പുരോഗതിയുടെയും നവോത്ഥാന മൂല്യങ്ങളുടെയും പിന്‍നടത്തമാണ് സംഭവിക്കുന്നത്. മതവിശ്വാസം അന്ധവിശ്വാസമായി വളരുകയും അതൊരു സാമൂഹിക തിന്മയായി രൂപാന്തരപ്പെടുകയും ചെയ്യുന്ന സംഭവങ്ങളെ ജാഗ്രതയോടെ കാണണം.
ആത്മീയ വ്യാപാരികളുടെയും അന്ധവിശ്വാസ പ്രചാരകന്‍മാരുടെയും കൈകളില്‍നിന്ന് പാവപ്പെട്ട ജനങ്ങളെ മോചിപ്പിക്കേണ്ടതുണ്ട്. ശാസ്ത്ര ചിന്തയും നവോത്ഥാന ആശയങ്ങളും കൂടുതല്‍ ജാഗ്രതയോടെ പ്രചരിപ്പിക്കേണ്ടതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തത്തിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഡിവൈഎഫ്‌ഐ വിപുലമായ ക്യാംപെയ്‌നുകള്‍ സംഘടിപ്പിക്കും. ഈ ചുമതലകള്‍ കേരളീയ സമൂഹം ഒന്നടങ്കം ഏറ്റെടുക്കണമെന്നും ഡിവൈഎഫ്‌ഐ അഭ്യര്‍ഥിച്ചു.
Post Your Comments