KeralaLatest NewsNews

‘ഡ്രൈവറെ നോക്കിയപ്പോൾ അയാളുടെ കണ്ണ് അടഞ്ഞിരിക്കുകയാണ്, ഉടൻ കണ്ണ് തുറക്കുകയും വീണ്ടും അത് അടഞ്ഞു പോവുകയും ചെയ്യുന്നു’

കൊല്ലം: വടക്കാഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണക്കാരനായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ മുൻപും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. വർഷങ്ങൾക്ക് മുൻപ് ഡ്രൈവർ ജോമോൻ ഓടിച്ച വാഹനത്തിൽ സഞ്ചരിച്ച ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് ദീപ സെറ എന്ന യുവതി. ഉറക്കം വന്ന് അടഞ്ഞ കണ്ണുകൾ കൊണ്ട് വാഹനം ഓടിക്കുന്ന ജോമോനെയാണ് ദീപ കണ്ടത്. ഒരിക്കലും മറക്കാനാകാത്ത ആ യാത്രയെ കുറിച്ച് ദീപ എഴുതുന്നത് ഇങ്ങനെ:

ഡ്രൈവർ ജോമോൻ! ഇയാളെ കാണുമ്പോൾ എനിക്കോർമ്മ വരുന്നത് ജീവനും കൈയ്യിൽ പിടിച്ച് ഉറക്കമില്ലാതെയിരുന്ന ഒരു ബാംഗ്‌ളുർ യാത്രയാണ്…കുറെ വർഷം മുൻപാണ്… കല്ലട ബസിലാണ്.. സാധാരണ മുൻവശത്തെ സീറ്റ് ഞാൻ തിരിഞ്ഞെടുക്കാറില്ല… പക്ഷെ സീറ്റ്ക്ഷാമം കൊണ്ട് എനിക്കന്ന് കിട്ടിയത് ഡ്രൈവർക്ക് പിന്നിലുള്ള സീറ്റാണ്.. അതും ജനൽവശത്തെതല്ല.. നല്ലത് പോലെ ഒന്ന് പിടിച്ചിരിക്കാൻ പോലും പറ്റുന്നില്ല… ഒട്ടും സ്വസ്ഥമായ ഇരിപ്പായിരുന്നില്ല അത്… ഡ്രൈവറും ക്ളീനറും ഇരിക്കുന്ന ഭാഗം കർട്ടൻ ഇട്ട് മറയ്ക്കാത്ത ബസ് ആയിരുന്നു അത്.. അതുകൊണ്ട് ബസ് പോകുന്ന മുന്നിലത്തെ റോഡ് ബസിന്റെ മുൻവശത്തെ ചില്ലിലൂടെ മുഴുവനായി കണ്ട് കിട്ടിയ സീറ്റിൽ സംതൃപ്തയാവൻ ശ്രമിച്ച്, ഞാൻ മെല്ലെ ഹെഡ്ഫോണിൽ പാട്ട് ഓൺ ആക്കി…യാത്രകൾ അന്നും ഇന്നത്തെ പോലെ ഹരമായത് കൊണ്ടു മാത്രം…
ഒരുപാട് ഇരുട്ടിയപ്പോൾ എല്ലാവരും ഉറക്കമായി…

പാട്ടിന്റെ ഓളത്തിലും മുന്നിലെ കാഴ്ചയിലും എനിക്കുറക്കം വന്നില്ല.. അറിയാതെയാണ്, വെറുതെയാണ് ഡ്രൈവറെ ഒന്ന് നോക്കിയത്… ഇനിയൊരിക്കലും എന്റെ യാത്ര ബസിലില്ല എന്ന് ഞാൻ തീരുമാനിക്കുന്ന നിമിഷമായിരുന്നു അതെന്ന് ഞാൻ അറിഞ്ഞില്ല…അയാളുടെ കണ്ണ് അടഞ്ഞിരിക്കുകയാണ്…!!ഞാൻ നോക്കിയ നേരത്ത് അയാൾ കണ്ണ് തുറക്കുകയും വീണ്ടും അത് അടഞ്ഞു പോവുകയും ചെയ്യുന്നു…ബസ് അതിവേഗത്തിൽ എന്ന് മാത്രമല്ല, വല്ലാതെ ചാഞ്ഞും ചരിഞ്ഞും പോകുന്നത് പോലെ എനിക്ക് തോന്നി… എന്റെ പാട്ട് നിന്നു.. ഒന്ന് പിടിച്ചു എണീറ്റ് നിൽക്കാൻ പോലും എന്റെ സീറ്റിന് സൗകര്യമില്ല എന്ന് മാത്രമല്ല, എഴുന്നേറ്റ് നിന്നാൽ മുന്നോട്ട് തെറിച്ചു വീഴത്തക്ക സ്പീഡിലാണ് ആ വണ്ടി പോകുന്നത്… ക്ലീനറോടോ ഡ്രൈവറോടോ സംസാരിക്കണമെങ്കിൽ എഴുന്നേൽക്കണം…മുന്നിലെ വലിയ ചില്ലിലൂടെ കാണുന്ന റോഡും, അതിവേഗം പായുന്ന ബസും, ഇരുട്ടും… ആ കാഴ്ച ഞാൻ മറക്കില്ല…

ഒടുവിൽ ഞാനെന്റെ അടുത്തിരിക്കുന്നയാളെ വിളിച്ചെഴുന്നേൽപ്പിച്ചു…” ഡ്രൈവർ ഉറങ്ങുന്നുണ്ട്” എന്ന് മെല്ലെ പറഞ്ഞു… ആ ചേട്ടൻ എഴുന്നേൽക്കുമ്പോഴേക്കും ദൈവം സഹായിച്ചു ബസ് ഒരു പമ്പിൽ നിർത്തി… ടോയ്‌ലെറ്റിൽ പോകാൻ ഞാനും ഇറങ്ങി… തിരികെ ബസിൽ കയറുന്നതിന് മുൻപ് സിഗററ്റ് പുകച്ചു വെളിയിൽ നിൽക്കുന്ന ഡ്രൈവറോട് ” ഇത്രയും പേരുടെ ജീവനാണ്, ഉറങ്ങല്ലേ ചേട്ടാ” എന്ന് മാത്രം പറഞ്ഞു… അയാളുടെ മുഖം മാറുന്നത് ഞാൻ കണ്ടു… പിന്നീട് ഉറങ്ങുന്നുണ്ടോ എന്ന് നോക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല എന്നതാണ് സത്യം…
പിന്നീട് കേട്ടു കല്ലട ബസുകൾ അപകടത്തിൽ പെടുന്ന നിരവധി വാർത്തകൾ.. ഒരു സ്ത്രീയുടെ മരണം… അന്നൊക്കെ ഞാനോർത്തു ഒരുപക്ഷെ ഞാനും അന്ന്….!!

ടൂർ ഓപ്പറേറ്റർസ് അസോസിയേഷനോടും ബസ് മുതലാളിമാരോടും , മത്സരയോട്ടവുമായി റോഡിൽ ട്രാപ്പീസ് കളിക്കുന്ന ഡ്രൈവർമാരോടുമാണ്.. ദയവ് ചെയ്ത് ഒരു കാര്യമോർക്കണം… ഒരാളുടെ ശമ്പളം കുറയ്ക്കാൻ വേണ്ടിയാവും ഉറക്കം പോലും കൊടുക്കാതെ നിങ്ങൾ ഡ്രൈവർമാരെ നിരത്തിലിറക്കുന്നത്… അതിൽ പൊലിയുന്ന ജീവനുകൾ ആരുടെയൊക്കെയോ പ്രതീക്ഷകളാണ്… ആരുടെയൊക്കെയോ സ്വപ്നങ്ങളാണ്… ആരുടെയൊക്കെയോ ജീവന്റെ അംശംങ്ങളാണ്… ഈ അപകടത്തിൽ കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട മാതാപിതാക്കളെയോർത്താണ് ഏറെ വേദന…!?തെറ്റ് ആരുടേതാണ്? ഡ്രൈവറുടെയോ ബസിന്റെയോ ട്രാക്ക് റെക്കോർഡും അവസ്ഥയും നോക്കാതെ വിനോദയാത്രയ്ക്ക് ഈ ബസ് തിരഞ്ഞെടുത്ത സ്കൂൾ അധികൃതർ സമാധാനം പറഞ്ഞെ തീരൂ..

ഇത്രയും കേസുകൾ ഉള്ള ഈ ബസ് ഇപ്പോഴും നിരത്തിലിങ്ങാൻ ധൈര്യം കാണിച്ചിട്ടുണ്ടെങ്കിൽ, ഉത്തരം പറയേണ്ടത് മോട്ടോർ വാഹനവകുപ്പാണ്..
കേസുള്ള ബസ് നിരത്തിൽ ഇറക്കിയതിനും, വേളാങ്കണ്ണി യാത്ര കഴിഞ്ഞു വന്ന ഡ്രൈവറെ വണ്ടിയിൽ അയച്ചതിനും ലുമിനസ് എന്ന ടൂർ കമ്പനിയുടെ പേരിൽ കേസ് എടുക്കണം…9 ജീവനുകൾ നഷ്ടമാക്കിയ ശേഷം കൊല്ലത്ത് പോയി ഒളിച്ചിരിക്കുകയായിരുന്നു …ഡ്രൈവർ ജോമോൻ… പിടികൂടിയിട്ടുണ്ട്!!… റോഡിലെ സ്പീഡ് നിയന്ത്രണസംവിധാനങ്ങൾ ഒന്നും രാത്രി പ്രവർത്തികമാവുന്നില്ലെങ്കിൽ സർക്കാരും സമാധാനം പറയണം… പോയ ജീവനുകൾ തിരികെ ലഭിക്കില്ല… പക്ഷെ ഇനിയൊന്ന് നഷ്ടപ്പെടാതെ നോക്കണം…!!

shortlink

Related Articles

Post Your Comments

Related Articles


Back to top button