KeralaLatest NewsNews

മയക്കുമരുന്നിനെതിരെ എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ്

തിരുവനന്തപുരം: ലഹരിക്കെതിരെ ജനകീയപ്രതിരോധം ഉയർത്തുന്നതിനൊപ്പം എൻഫോഴ്സ്മെന്റ് നടപടികളും സംസ്ഥാനത്ത് ശക്തമാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഓണം സ്പെഷ്യൽ ഡ്രൈവിന് തുടർച്ചയായി സെപ്റ്റംബർ 16ന് മയക്കുമരുന്നിനെതിരെ ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിൽ ഇന്നലെ വരെ 597 കേസുകളിലായി 608 പേർ പിടിയിലായി. തിരുവനന്തപുരത്തും എറണാകുളത്തും കൊല്ലത്തുമാണ് കൂടുതൽ കേസുകൾ. ഡ്രൈവിന്റെ ഭാഗമായി 13.48 കോടി രൂപയുടെ മയക്കുമരുന്നും പിടിച്ചിട്ടുണ്ട്. മയക്കുമരുന്നിനെതിരെയുള്ള എൻഫോഴ്സ്മെന്റ് നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

Read Also: പിണറായി വിജയന്റെ നോര്‍വെ സന്ദര്‍ശനത്തിന് സഖാക്കളും ദേശാഭിമാനിയും പറയുന്ന ന്യായീകരണങ്ങള്‍ പൊളിച്ചടക്കി സന്ദീപ് വാചസ്പതി

സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 6 വരെ 849.7 ഗ്രാം എംഡിഎംഎയാണ് പിടിച്ചത്. വയനാട്, കാസർഗോഡ്, പാലക്കാട് ജില്ലകളിലാണ് കൂടുതൽ എംഡിഎംഎ പിടിച്ചത്. 1.4 കിലോ മെറ്റാഫെറ്റാമിനും പിടിച്ചു. ഇതിൽ 1.28 കിലോയും കണ്ണൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഈ കാലയളവിൽ 99.67കിലോ കഞ്ചാവും 170 കഞ്ചാവ് ചെടികളും എക്സൈസ് പിടിച്ചു. 153 ഗ്രാം ഹാഷിഷ് ഓയിൽ, 1.4 ഗ്രാം ബ്രൗൺ ഷുഗർ, 9.6 ഗ്രാം ഹെറോയിൻ, 11.3 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ്, 85.2 ഗ്രാം ലഹരി ഗുളികകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സ്ഥിരം കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കലും വിപുലമായ നിരീക്ഷണം ഉറപ്പുവരുത്താനുള്ള തീരുമാനവും എക്സൈസ് നടപ്പിലാക്കി വരികയാണ്. 3133 പേരെ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്. സ്ഥിരം കുറ്റവാളികളായ 758 പേരെ ഈ കാലയളവിൽ പരിശോധിച്ചിട്ടുമുണ്ട്. പൊതുജനങ്ങളിൽ നിന്ന് ഈ കാലയളവിൽ മയക്കുമരുന്ന് വിഷയവുമായി ബന്ധപ്പെട്ട് 242 പരാതികളും വിവരങ്ങളുമാണ് ലഭിച്ചത്. ഇതിൽ 235 വിഷയങ്ങളിലും എക്സൈസ് നടപടി സ്വീകരിച്ചിട്ടുണ്ട്. വാറന്റ് പ്രതികളുടെ അറസ്റ്റും തുടരുകയാണെന്നും മന്ത്രി വിശദീകരിച്ചു.

മയക്കുമരുന്നിനെതിരെയുള്ള സർക്കാരിന്റെ പോരാട്ടത്തിൽ ഓരോ വ്യക്തിയും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ലഹരി വ്യാപനം തടയിടാനുള്ള പ്രവർത്തനം പൊതുസമൂഹം ഏറ്റെടുക്കണം. സ്‌കൂൾ പിടിഎകൾ, വിദ്യാർത്ഥി കൂട്ടായ്മകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, യുവജനസംഘടനകൾ ഉൾപ്പെടെയുള്ളവർ ഇതിനായി രംഗത്തിറങ്ങണം. ലഹരി ഒഴുക്കിന് തടയിടാൻ കൂടുതൽ ശക്തമായ എൻഫോഴ്സ്മെന്റ് നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ആദിപുരുഷ് കണ്ടത് ത്രില്ലടിച്ച്, മൃഗങ്ങൾ നമ്മുടെ നേരെ വരുന്നത് പോലെ തോന്നും: ഇന്ത്യയിൽ ആദ്യമെന്ന് പ്രഭാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button