തൃശൂര്‍ : വടക്കഞ്ചേരിയില്‍ ഒന്‍പതുപേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടം സംബന്ധിച്ച് പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. അപകടത്തിന് കാരണമായ ലുമിനസ് ബസിന് പുറമെ ഇടിച്ച് കയറിയ കെഎസ്ആര്‍ടിസി ബസും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നാണ് വിവരം. അമിതവേഗതയ്ക്ക് നേരത്തെ തന്നെ ഈ കെഎസ്ആര്‍ടിസി ബസ് മോട്ടോര്‍ വാഹന വകുപ്പിന്റെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ എം പരിവാഹന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: സ്വകാര്യ കമ്പനികൾ 5ജിയിലേക്ക്: ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ നവംബര്‍ മുതല്‍ ആരംഭിക്കും
രേഖകളില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ , എംവിഡിയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട കെഎസ്ആര്‍ടിസി ബസാണ് കെഎല്‍ 15 എ 1313. മൂന്ന് വര്‍ഷം മുമ്പാണ് ഈ ബസിന് അമിത വേഗതയ്ക്ക് പിഴ ചുമത്തിയത്. എന്നാല്‍ നാളിതു വരെ അധികൃതര്‍ പിഴ അടച്ചിട്ടില്ല. ഇതിന് പുറമെ അപകടത്തിന് കാരണമായ ലുമിനസ് എന്ന ടൂറിസ്റ്റ് ബസും തുടര്‍ച്ചയായി നിയമലംഘനം നടത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
കോട്ടയം ആര്‍ടിഒയുടെ കീഴിലാണ് ടൂറിസ്റ്റ് ബസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായി എയര്‍ ഹോണ്‍, മുന്നിലും അകത്തുമായി കളേര്‍ഡ് ലൈറ്റുകള്‍ സ്ഥാപിച്ചു, നിയമ ലംഘനം നടത്തി വാഹനമോടിച്ചു തുടങ്ങിയവയാണ് ഈ ബസിനെതിരെയുള്ള കേസുകള്‍.
അമിതവേഗതയെ തുടര്‍ന്നാണ് സ്‌കൂള്‍ കുട്ടികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ടത്. അഞ്ചുമൂര്‍ത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് കാറിനെ മറികടക്കാന്‍ ശ്രമിക്കവേ കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ച് കയറുകയായിരുന്നു. അപകടസമയം ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് ഗതാഗത മന്ത്രി അറിയിച്ചു. ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദര്‍ശിച്ച എംവിഡി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.
ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപകനും കെഎസ്ആര്‍ടിസി ബസിലെ മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിന്റെ പുറകിലെ സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാഹനം വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്.
Post Your Comments