കൊച്ചി: അവതാരകയെ അസഭ്യം പറഞ്ഞ സംഭവം വിവാദമായതോടെ നടൻ ശ്രീനാഥ് ഭാസിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്കിനെതിരെ ശബ്ദമുയർത്തിയ മമ്മൂട്ടിയുടെ നിലപാടിനെതിരെ ഹരീഷ് പേരടി. തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. എന്നാൽ, അത് തന്നെയാണ് ഷൂട്ടിംഗ് സെറ്റുകളിൽ ശ്രീനാഥ് ഭാസിയും ചെയ്തുകൊണ്ടിരുന്നതെന്ന് ഹരീഷ് പേരടി ഓർമിപ്പിക്കുന്നു. മലയാളത്തിലെ നിർമ്മാതാക്കളുടെ ചെറിയ ചൂരൽ പ്രയോഗത്തിനൊപ്പമാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി.
‘സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ടിട്ട് രാവിലെ എത്തേണ്ട നായക നടൻ ഉച്ചക്ക് ഒരു മണിക്ക് എത്തിയാൽ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും. നിരന്തരമായി ആവർത്തിച്ചാൽ ചെറിയ ബഡ്ജറ്റിൽ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണ്. അഹങ്കാരമാണ്. അത് നിർമ്മാതാവിന്റെയും സഹ നടി നടൻമാരുടെയും തൊഴിൽ നിഷേധിക്കലാണ്. അവരുടെ അന്നം മുട്ടിക്കലാണ്. രജനികാന്തും, കമലഹാസനും, ചിരംജീവിയും, മമ്മുട്ടിയും, മോഹൻലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിനെത്തുന്നവരാണ്. യന്തിരന്റെ ഷൂട്ടിങ്ങ് സമയത്ത് ചെന്നൈയിലെ ട്രാഫിക്ക് ബ്ലോക്കിൽപ്പെട്ട രജനി സാർ ഒരു പോലിസുകാരന്റെ ബൈക്കിൽ കയറി സമയത്തിന് ലോക്ഷേനിൽ എത്തിയപ്പോൾ അന്ന് ചെന്നൈ നഗരം പുരികം മേലോട്ട് ഉയർത്തി അത്ഭുതം കൊണ്ടതാണ്. തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണ്. അങ്ങോട്ടും. ഇങ്ങോട്ടും. മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പം’, ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, ഓൺലൈൻ ചാനൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് അവതാരക ശ്രീനാഥ് ഭാസിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി കൊടുത്തിരുന്നു. തുടർന്ന് ശ്രീനാഥ് ഭാസി അവതാരികയോടെ മാപ്പ് പറഞ്ഞതിനെ തുടർന്ന് അവതാരക താൻ കൊടുത്ത പരാതി പിൻവലിക്കുകയും ചെയ്തു. പരാതിക്കാരി പരാതി പിൻവലിച്ചാലും ശ്രീനാഥ് ഭാസിയുടെ വിലക്കിനു മാറ്റമൊന്നും ഉണ്ടാകില്ല എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചത്.
Post Your Comments