തിരുവനന്തപുരം: കേരള ജലസേചന ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന് കീഴിൽ സംസ്ഥാനത്തെ രണ്ട് കുടിവെളള നിർമ്മാണ പ്ലാന്റുകളിൽ ‘ഹില്ലി അക്വ’ കുപ്പിവെള്ളത്തിന് ഇരട്ടി ഉൽപ്പാദനം. തൊടുപുഴ പ്ലാന്റിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുപ്രകാരം 2138 ലക്ഷം രൂപയുടെ വിറ്റുവരാണ് ഉളളത്. 2017-2018ൽ 442 ലക്ഷം, 2018-2019ൽ 526 ലക്ഷം, 2019-2020ൽ 574 ലക്ഷം, 2020-2021ൽ 311 ലക്ഷം, 2021-2022ൽ 285 ലക്ഷം എന്നിങ്ങനെയാണ് വിറ്റുവരവ്. മണിക്കൂറിൽ 12,100 ലിറ്റർ(7500 ലിറ്റർ + 4600 ലിറ്റർ) കുപ്പിവെള്ളം ഉൽപ്പാദിപ്പിക്കുവാൻ ശേഷിയുള്ള രണ്ടു പ്രൊഡക്ഷൻ ലൈനുകളാണ് തൊടുപുഴ ഫാക്ടറിയിൽ സ്ഥാപിച്ചിട്ടുള്ളത്.
Read Also: പുരുഷന്മാരിലെ ഊർജ്ജക്കുറവിന് കാരണം ഇവയാണ്: മനസിലാക്കാം
സംസ്ഥാനത്തെ രണ്ടാമത്തെ കുടിവെളള നിർമ്മാണ പ്ലാന്റാണ് തിരുവനന്തപുരം അരുവിക്കരയിലേത്. 2021ലാണ് ‘ഹില്ലി അക്വ’ ഉൽപാദനം ഇവിടെ ആരംഭിച്ചത്. ആദ്യഘട്ടമായി 20 ലിറ്റർ ജാറുകളിലായിരുന്നു വിതരണം. 2021 ജനുവരി മുതൽ 2022 ജൂൺ വരെയുള്ള ഉൽപാദനം 38100 ജാറുകളാണ്. 2022 ജനുവരിയിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ ഉൽപാദനം ആരംഭിച്ചു. ജനുവരി മുതലുള്ള ആദ്യത്തെ മൂന്നുമാസം 17,909 ആയിരുന്നത് തുടർന്നുള്ള മൂന്നുമാസക്കാലയളവിൽ 40,482 ആയി കുതിച്ചുയർന്നു. 60 രൂപയാണ് 20 ലിറ്റർ വെള്ളത്തിന്റെ വില. 18.30 ലക്ഷം രൂപയാണ് 2021-2022 സാമ്പത്തിക വർഷത്തെ വിറ്റുവരവ്.
സ്വകാര്യ കുടിവെളള കമ്പനികളുടെ ചൂഷണത്തിനും അമിതമായ വിലക്കയറ്റത്തിനും കടിഞ്ഞാണിട്ട് മിതമായ, ന്യായമായ വിലയിൽ കുടിവെളളം ജനങ്ങൾക്ക് എത്തിക്കുക എന്ന ലക്ഷത്തോടെയാണ് സർക്കാർ കുടിവെളള നിർമ്മാണം ആരംഭിക്കുന്നത്. സ്വകാര്യ കുപ്പിവെള്ള കമ്പനികൾ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപ ഈടാക്കുമ്പോൾ ഹില്ലി അക്വാ 15 രൂപയ്ക്കാണ് ഒരു ലിറ്റർ കുപ്പിവെള്ളം വിപണിയിൽ എത്തിക്കുന്നത്. സ്വകാര്യ ഏജൻസികൾ ഭൂഗർഭജലം ശുദ്ധീകരിച്ച് കുടിവെള്ളം വിപണിയിൽ എത്തിക്കുമ്പോൾ തൊടുപുഴയിൽ ‘ഹില്ലി അക്വാ’ മലങ്കര ജലാശയത്തിൽ നിന്നുള്ള ഉപരിതല ജലമാണ് ഉപയോഗിക്കുന്നത്. BIS, FSSAI എന്നീ സ്ഥാപനങ്ങൾ നിഷ്‌കർഷിക്കുന്ന എല്ലാവിധ പരിശോധനകളും ശുദ്ധീകരണ പ്രവർത്തികളും നടത്തിയ ശേഷം യന്ത്രസംവിധാനങ്ങളിലൂടെ വെള്ളം കുപ്പികളിലാക്കിയാണ് വിപണിയിൽ എത്തിക്കുന്നത്. ഈ കുപ്പിവെള്ള പ്ലാന്റിന് ISO അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ പ്രതിദിനം 30,000 ലിറ്റർ കുപ്പിവെള്ളമാണ് പ്ലാന്റിന്റെ ശരാശരി ഉൽപ്പാദനം. കൂടുതൽ കുപ്പിവെള്ളം ആവശ്യമായി വരുന്ന മാസത്തിൽ ഒന്നിലധികം ഷിഫ്റ്റ് പ്രവർത്തിപ്പിച്ച് ഇരട്ടിയോളം ഉൽപ്പാദനം നടത്തി വരുന്നു.
വിപണനശൃംഖല ശക്തിപ്പെടുത്താൻ വിതരണക്കാരാകാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുകയും കൂടുതൽ വിതരണക്കാരെ നിയോഗിക്കുകയും ചെയ്തു. തിരക്കേറിയ സ്ഥലങ്ങളിൽ കുറഞ്ഞനിരക്കിൽ തണുത്തവെള്ളം ലഭ്യമാക്കാൻ ‘കോഫ്ബ നെറ്റ്വർക്സ്’ എന്ന സ്റ്റാർട്ടപ് സ്ഥാപനം ഹില്ലി അക്വയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇവർ സ്ഥാപിച്ചിട്ടുള്ള കിയോസ്‌കുകളിൽ നിന്ന് രണ്ടു രൂപയ്ക്ക് ഒരു ഗ്ലാസ് (200 മി.ലി) വെള്ളവും അഞ്ചു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളവും ശേഖരിക്കാനും സാധിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപത്തും ശാസ്തമംഗലത്തും സെക്രട്ടേറിയറ്റിനുള്ളിലും പാളയത്തും കിയോസ്‌ക് പ്രവർത്തിക്കുന്നുണ്ട്. ജയിൽവകുപ്പും തിരുവനന്തപുരം സെൻട്രൽ ജയിലിന്റെ ഫ്രീഡം ഫുഡ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത് ഹില്ലി അക്വ ആണ്.
എട്ടിലധികം ശുദ്ധീകരണ പ്രക്രിയകൾക്ക് ശേഷം കുപ്പികളിലും ജാറുകളിലും നിറയ്ക്കുന്ന വെള്ളമാണ് ഹില്ലി അക്വ. ഓരോ മണിക്കൂറിലും വെള്ളത്തിന്റെ ഗുണനിലവാരം പ്ലാന്റിൽ സ്ഥാപിച്ചിട്ടുള്ള ലാബിൽ പരിശോധിച്ച് ഉറപ്പാക്കുന്നുമുണ്ട്. കോടതി ഉത്തരവിലൂടെ സ്വകാര്യ കമ്പനികൾ കുപ്പിവെള്ള വില 20 രൂപയാക്കിയപ്പോഴും ഹില്ലി അക്വയുടെ വില വർധിപ്പിച്ചിട്ടില്ല. രണ്ടു ലിറ്ററിന് 25 രൂപയും അര ലിറ്ററിന് പത്തുരൂപയുമാണ് പരമാവധി വില. കുടിവെളള ഉൽപ്പാദനത്തിനും വിതരണത്തിനും വർഷം തോറും മികച്ച പുരോഗതി ഉണ്ടായിട്ടുണ്ട്. ബ്രാൻഡിംഗ് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ വിപണി വിപുലീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് ജലവിഭവ വകുപ്പ്.
സർക്കാർ കുപ്പിവെളള വിതരണം വിജയകരമായി മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിൽ ചക്കിട്ടപ്പാറ പഞ്ചായത്തിലെ പെരുവണ്ണാംമുഴിയിൽ പുതിയ പ്ലാന്റ് തുടങ്ങാനുളള തയ്യാറെടുപ്പിലാണ് വകുപ്പ്. ആലുവയിൽ പിപിപി മോഡലിൽ 20 ലിറ്റർ വെളളം മാത്രം നിർമ്മിക്കുന്നതിന് പൊതുജന പങ്കാളിത്തത്തിനായി കാത്തിരിക്കുകയാണ് കേരള ജലസേചന ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ.
Read Also: വിലക്കിഴിവിൽ സാംസംഗ് ഗാലക്സി എഫ്23 5ജി വാങ്ങാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments