![](/wp-content/uploads/2022/10/thuna-project-1-1-560x416-1.jpg)
കോട്ടയം: ‘തുണ’ പദ്ധതി ജില്ലയിലെ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുമെന്ന് ചീഫ് വിപ്പ് ഡോ. എൻ ജയരാജ്. അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലാ നിർവാഹകസമിതി നടപ്പാക്കുന്ന ‘തുണ’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ 1071 പേരാണ് അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. റേഷൻ കാർഡ്, റവന്യൂ രേഖകൾ, ആധാർ കാർഡ് എന്നിവ ഇല്ലാത്ത കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ രേഖകൾ ലഭ്യമാക്കും. ഇതിനായി റവന്യൂ, സിവിൽ സപ്ലൈസ്, തദ്ദേശ സ്വയംഭരണം, ആരോഗ്യം, തുടങ്ങിയ വകുപ്പുകളുടെയും അക്ഷയകേന്ദ്രത്തിന്റെയും കൗണ്ടറുകളും അതിദരിദ്രരുടെ ആരോഗ്യ പരിചരണത്തിനായി മെഡിക്കൽ ക്യാമ്പും ക്യാമ്പയിന്റെ ഭാഗമായി സജ്ജമാക്കി.
തുണ പദ്ധതിയോടൊപ്പം തന്നെ ദാരിദ്ര നിർമ്മാർജനം ലക്ഷ്യം വച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച പുനർജനി പദ്ധതിയും ഇതിനായി മുൻകൈയെടുക്കും. സഹായോപകരണങ്ങൾ ആവശ്യക്കാർക്ക് ലഭ്യമാക്കൽ, സ്വയം തൊഴിൽ പരിശീലനം, വീടുകളുടെ അറ്റകുറ്റപ്പണി, ഭൂമി ലഭ്യമാക്കൽ, തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. ഭക്ഷണം, സുരക്ഷിത വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അതിദാരിദ്രം നിർണ്ണയിക്കുന്നത്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജെസ്സി ഷാജൻ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി.എസ് കൃഷ്ണകുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വിമല ജോസഫ്, പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ദു സോമൻ, കോരുത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി തോമസ്, കാഞ്ഞിരപ്പള്ളി ബി.ഡി.ഒ എസ് ഫൈസൽ എന്നിവർ പങ്കെടുത്തു. ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട് ഡയക്ടർ പി.എസ് ഷിനോ അവകാശരേഖ വിതരണം നടത്തി. കാഞ്ഞിരപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം ബിജു പത്യാല അതിദാരിദ്ര കുടുംബങ്ങൾക്കുള്ള സ്‌നേഹോപഹാര വിതരണം നടത്തി.
Post Your Comments