Latest NewsKeralaNews

സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവം 20 മുതൽ 22 വരെ കോട്ടയത്ത്

 

കോട്ടയം: സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവം ഒക്ടോബർ 20 മുതൽ 22 വരെ കോട്ടയത്ത് നടക്കും. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ ഏഴു വേദികളിലായി നടക്കുന്ന കലോത്സവത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള 1500 ഭിന്നശേഷി വിദ്യാർത്ഥികൾ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കും. കേള്‍വി, കാഴ്ച, പരിമിതിയുള്ളവരും ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികളാണ് പങ്കെടുക്കുക. കേള്‍വി പരിമിതിയുള്ളവർക്ക് എട്ടു വ്യക്തിഗത ഇനങ്ങളിലും ഏഴു ഗ്രൂപ്പ് ഇനങ്ങളിലും കാഴ്ച പരിമിതിയുള്ളവർക്ക് അഞ്ചു വിഭാഗങ്ങളിലായി 16 വ്യക്തിഗത ഇനങ്ങളിലുമാണ് മത്സരം.

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി ആറു വ്യക്തിഗത ഇനങ്ങളും മൂന്നു ഗ്രൂപ്പിനം മത്സരങ്ങളുമാണുള്ളത്. വിദ്യാർത്ഥികൾക്ക് താമസസൗകര്യമടക്കം ഏർപ്പെടുത്തിയാണ് കലോത്സവം സംഘടിപ്പിക്കുന്നത്.

കലോത്സവ നടത്തിപ്പിന്റെ ഭാഗമായി സ്വാഗതസംഘ രൂപീകരണ യോഗം ബേക്കർ മെമ്മോറിയൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഗവർണർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ വകുപ്പു മന്ത്രി, സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ വാസവൻ എന്നിവർ മുഖ്യരക്ഷാധികാരികളായും ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാദ്ധ്യക്ഷ, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ രക്ഷാധികാരികളായും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചെയർമാനുമായി സ്വാഗതസംഘം രൂപീകരിച്ചു. 14 സബ് കമ്മിറ്റികളും തെരഞ്ഞെടുത്തു.

യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ (അക്കാദമിക്) എം.കെ ഷൈൻ മോൻ അദ്ധ്യക്ഷനായി. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ ശങ്കരൻ, ജോയിന്റ് ഡയറക്ടർ അബൂബക്കർ, ഡെപ്യൂട്ടി കളക്ടർ കെ.എ മുഹമ്മദ് ഷാഫി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ഹയർസെക്കൻഡറി വിഭാഗം റീജണൽ ഉപഡയറക്ടർ എം. സന്തോഷ് കുമാർ, സ്‌കൂൾ മാനേജർ ഫാ. പി.കെ കുരുവിള, സർവശിക്ഷാ കേരളം ജില്ലാ പ്രോജക്റ്റ് കോ-ഓർഡിനേറ്റർ മാണി ജോസഫ്, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ ബി. ജയശങ്കർ, ഡോ. മാത്യു ജോസഫ്, അധ്യാപക സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സ്പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽമാർ, അധ്യാപകർ, അധ്യാപക സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button