68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിൽ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം വാങ്ങാനെത്തിയ നഞ്ചിയമ്മയെ സദസ് സ്വീകരിച്ചത് നിറഞ്ഞകൈയ്യടികളോടെ. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കൈയ്യിൽ നിന്നും പുരസ്‌കാരം വാങ്ങാനെത്തിയ നഞ്ചിയമ്മയെ കണ്ടതും സദസിലിരുന്ന ഇന്ത്യന്‍ സിനിമയിലെ പ്രമുഖർ അടക്കമുള്ളവർ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയായിരുന്നു. നിറഞ്ഞ ചിരിയോടെ സദസിനെ വണങ്ങി വേദിയിലെത്തിയ നഞ്ചിയമ്മ രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനാലാപനത്തിനാണ് നഞ്ചിയമ്മയെ തേടി ദേശീയ പുസ്കാരമെത്തിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ബിജു മേനോന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി. ‘അയ്യപ്പനും കോശിയും’ ഒരുക്കിയ അന്തരിച്ച സംവിധായകൻ സച്ചി ആണ് മികച്ച സംവിധായകൻ.
നഞ്ചിയമ്മയുടെ പുരസ്‌കാരത്തില്‍ അഭിമാനം തോന്നുന്നുവെന്ന് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. തന്റെ സ്വാഗത പ്രസംഗത്തിലാണ് മന്ത്രി നഞ്ചിയമ്മയുടെ പേരെടുത്ത് പറഞ്ഞത്. കേരളത്തിലെ ഒരു ചെറിയ ഗോത്രവിഭാഗത്തില്‍ നിന്നുള്ള നാടന്‍പാട്ടുകാരിയാണ് നഞ്ചിയമ്മ എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. അതേസമയം, നഞ്ചിയമ്മയുടെ പുരസ്കാരം ഏറെ വിവാദത്തിനിടയാക്കിയിരുന്നു. നഞ്ചിയമ്മ പുരസ്‌കാരത്തിന് അർഹയല്ലെന്ന് ആരോപിച്ച് യുവസംഗീതഞ്ജൻ രംഗത്തെത്തിയത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
Post Your Comments