രാജ്യത്ത് ലഘുനിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റങ്ങൾ വരുത്തി കേന്ദ്രസർക്കാർ. നിക്ഷേപ പദ്ധതികളിലെ പലിശ നിരക്ക് 30 ബേസിസ് പോയിന്റ് വരെയാണ് ഉയർത്തിയിട്ടുള്ളത്. ഇതോടെ, പോസ്റ്റ് ഓഫീസുകളിലെ നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ ലഭിക്കും. പുതുക്കിയ നിരക്കുകൾ പരിശോധിക്കാം.
മൂന്ന് വർഷം കാലാവധിയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് മുൻപ് 5.5 ശതമാനം മാത്രമാണ് പലിശ നൽകിയിരുന്നത്. എന്നാൽ, ഇത്തവണ പലിശ നിരക്ക് 5.8 ശതമാനമായി ഉയർത്തി. അതേസമയം, മുതിർന്ന പൗരന്മാർക്ക് പോസ്റ്റ് ഓഫീസുകളിലെ നിക്ഷേപത്തിന് 7.6 ശതമാനമാണ് ഇനി മുതൽ പലിശ ലഭിക്കുക. മുൻപ് ഇത് 7.4 ശതമാനം ആയിരുന്നു. രണ്ടുവർഷം കാലാവധിയുള്ള നിക്ഷേപത്തിന്റെ പലിശ 5.5 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായാണ് വർദ്ധിപ്പിച്ചത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലേക്കാണ് ഈ നിരക്കുകൾ ബാധകമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
രണ്ടു വർഷത്തിനുശേഷമാണ് പലിശ നിരക്കുകൾ പുതുക്കിയതെങ്കിലും, ചില പദ്ധതികളുടെ പലിശ നിരക്കുകൾ ഉയർത്തിയിട്ടില്ല. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, പിപിഎഫ്, സുകന്യ സമൃദ്ധി എന്നീ പദ്ധതികൾക്ക് യഥാക്രമം 6.8 ശതമാനം, 7.1 ശതമാനം, 7.6 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്കുകൾ. ഈ പദ്ധതികളുടെ നിരക്കിൽ മാറ്റമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം, കിസാൻ വികാസ് പത്രയുടെ പലിശ നിരക്ക് 6.9 ശതമാനത്തിൽ നിന്നും 7.1 ശതമാനമായി വർദ്ധിപ്പിച്ചു.
Post Your Comments