ചെന്നൈ: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ നേരിട്ടെത്തിയാണ് സ്റ്റാലിന്‍ ആദരമര്‍പ്പിച്ചത്.
സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മൂന്ന് തവണ കേരളത്തിലെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരവ് അര്‍പ്പിച്ചതായി അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
തത്വാധിഷ്ഠിതമായ വ്യക്തിത്വത്തിന് ഉടമയായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്‍ 1975ലെ അടിയന്തരാവസ്ഥ കാലത്ത് മിസ ആക്ട് പ്രകാരം ജയിലിലായിട്ടുണ്ടെന്ന് സ്റ്റാലിന്‍ ഓര്‍മ്മിച്ചു. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സഖാക്കള്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് നടക്കും. ചെന്നൈയിൽ നിന്ന് നാട്ടിലെത്തിക്കുന്ന ഭൗതിക ശരീരം, ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മുതൽ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.
Post Your Comments