അബുദാബി: അബുദാബിയിലെ ഹോട്ടലുകളിലും പൊതുപരിപാടികളിലും ഗ്രീൻ പാസ് നിർബന്ധം. കോവിഡ് വാക്സിൻ സ്വീകരിക്കാതെ അബുദാബിയിൽ എത്തുന്നവർക്ക് ഷോപ്പിങ് മാളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിന് ഗ്രീൻപാസ് നിബന്ധന തുടരും. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
പിസിആർ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാൽ വാക്സിൻ എടുക്കാത്തവർക്ക് 7 ദിവസത്തേക്കും വാക്സിൻ എടുത്തവർക്കും ഇളവുള്ളവർക്കും 30 ദിവസത്തേക്കും ഗ്രീൻ പാസ് ലഭിക്കും. അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് കാണിച്ചാലേ പ്രവേശനം അനുവദിക്കൂവെന്ന് അധികൃതർ അറിയിച്ചു. അതേസമയം, യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ ഈ നിബന്ധനയില്ല.
അതേസമയം, കഴിഞ്ഞ ദിവസമാണ് കോവിഡ് നിയന്ത്രണങ്ങളിൽ യുഎഇ ഇളവ് അനുവദിച്ചത്. കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് യുഎഇ ഇളവുകൾ അനുവദിക്കാനുള്ള തീരുമാനം സ്വീകരിച്ചത്. രോഗം ബാധിച്ചവർ അഞ്ചു ദിവസത്തേയ്ക്ക് മാത്രം ഐസൊലേറ്റ് ചെയ്താൽ മതിയാകുമെന്നാണ് പുതിയ നിർദ്ദേശം. അടുത്തിടപഴകുന്നവർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം പിസിആർ പരിശോധന നടത്തിയാൽ മതിയാകും. അടച്ചിട്ട പൊതു ഇടങ്ങളിൽ എല്ലായിടത്തും മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ആശുപത്രികൾ, പൊതുയാത്രാസംവിധാനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കണം. ആരാധനാലയങ്ങളിൽ സാമൂഹ്യ അകലം പാലിക്കേണ്ടതില്ല. സ്കൂളുകളിലും മാസ്ക് നിർബന്ധമില്ല.
Post Your Comments