കാലിഫോർണിയ: തെരുവ് പൂച്ചയെ രക്ഷിക്കാനായി മനുഷ്യനെ കാറിടിച്ച് കൊലപ്പെടുത്തി യുവതി. വിക്ടർ ആന്റണി ലൂയിസിന്റെ (43) മരണത്തിൽ ഹന്ന സ്റ്റാർ എസ്സർ (20) എന്ന യുവതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഒരു മില്യൺ ഡോളർ ജാമ്യത്തിൽ യുവതിയെ തടങ്കലിൽ വച്ചതായി ഓറഞ്ച് കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് സംഭവം. സൈപ്രസ് കമ്മ്യൂണിറ്റിയിൽ വച്ച് എസ്സർ വാഹനമോടിച്ചപ്പോൾ ലൂയിസ് പൂച്ചയെ കൊല്ലാൻ പോകുന്നുവെന്ന് തെറ്റിദ്ധരിച്ച ഹന്ന ഇയാൾക്ക് നേരെ കാറോടിക്കുകയായിരുന്നു. ലൂയിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അധികൃതർ പറയുന്നതനുസരിച്ച്, ഹന്ന അവളുടെ വാഹനത്തിൽ നിന്നും പുറത്തിറങ്ങി ലൂയിസുമായി ആദ്യം തർക്കത്തിലേർപ്പെട്ടു. ലൂയിസ് പറയുന്നതൊന്നും കേൾക്കാൻ തയാറാകാതെ ഹന്ന ഇയാളെ വാഹനമിടിപ്പിച്ച് കൊല്ലുകയായിരുന്നു.
‘ഈ നടപടി മനുഷ്യജീവനോടുള്ള തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്’, ഡിസ്ട്രിക്റ്റ് അറ്റോർണി ടോഡ് സ്പിറ്റ്സർ പ്രസ്താവനയിൽ പറഞ്ഞു. കുറ്റം തെളിയിക്കപ്പെട്ടാൽ ഹന്നയ്ക്ക് 25 വർഷമെങ്കിലും കുറഞ്ഞത് തടവ് അനുഭവിക്കേണ്ടി വരും. അപരിചിതനായ ഒരു മനുഷ്യന് നേരെ നടത്തിയ ഈ അക്രമത്തിന് ഏറ്റവും ഉയർന്ന ശിക്ഷ തന്നെ നൽകും എന്ന് അറ്റോർണി പറഞ്ഞു.
Post Your Comments