കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ ആക്രമണങ്ങളില്‍ കടുത്ത നടപടിയുമായി ഹൈക്കോടതി. പിഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ മുഴുവന്‍ ഹര്‍ത്താല്‍ ആക്രമണ കേസുകളിലും പ്രതിയാക്കും. സര്‍ക്കാരിന് ഹൈക്കോടതി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. പെട്ടെന്നുള്ള ഹര്‍ത്താലില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കോടതി അലക്ഷ്യമാണെന്ന് കണ്ടാണ് കോടതി ആദ്യഘട്ടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് വ്യാപകമായ ആക്രമണങ്ങള്‍ ഉണ്ടായത്.
Read Also: തൃശ്ശൂരില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിനടന്നിരുന്ന രണ്ട് പേര്‍ പിടിയില്‍
ഹര്‍ത്താലുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളെ ഗൗരവത്തോട് കൂടി കാണുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ മജിസ്ട്രേറ്റുകളോടും നഷ്ടപരിഹാരം ഈടാക്കാനുള്ള നിര്‍ദ്ദേശം നല്‍കുമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. നിലവില്‍ പിടിയിലായവരുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ അവര്‍ നല്‍കേണ്ട ജാമ്യത്തുക എത്രയാണെന്ന് കൃത്യമായി പറയണം. ഈ തുക കെട്ടിവച്ചാല്‍ മാത്രമേ അവര്‍ക്ക് ജാമ്യം നല്‍കാവൂ . അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു
സംഘടന നിരോധിച്ചതോടെ അക്കൗണ്ട് മരവിപ്പിച്ച കാര്യം പിഎഫ്ഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞെങ്കിലും, തുക ഈടാക്കാന്‍ എളുപ്പമായല്ലോ എന്ന മറുപടിയാണ് ഹൈക്കോടതി നല്‍കിയത്. അബ്ദുള്‍ സത്താറാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതുകൊണ്ടാണ് ഇയാളെ എല്ലാ കേസുകളിലും പ്രതിയാക്കുന്നത്. കെഎസ്ആര്‍ടിസിക്ക് ഉള്‍പ്പെടെ ഹര്‍ത്താലില്‍ വലിയ തോതില്‍ നാശനഷ്ടം ഉണ്ടായിരുന്നു. അഞ്ചര കോടി രൂപയുടെ നാശനഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് മാത്രം ഉണ്ടായത്. നഷ്ടപരിഹാരം വരുന്ന തുക എത്രയാണെന്ന് കണ്ടെത്തി അത് പ്രതികളില്‍ നിന്ന് തന്നെ ഈടാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
Post Your Comments