തിരുവനന്തപുരം: നിലവിലുള്ള 2018 ലെ വ്യവസായ നയത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയാണ് വ്യവസായ വാണിജ്യനയത്തിന്റെ പുതിയ കരട് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. പുതിയ വ്യവസായ വാണിജ്യ നയത്തിന്റെ കരട് പുറത്തിറക്കി തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതായി തുടങ്ങുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ ഇന്ന് വ്യവസായങ്ങൾക്ക് അനുകൂലമായ എല്ലാ സാഹചര്യങ്ങളുമുണ്ട്. സംസ്ഥാനത്ത് ഏറെ സാധ്യതയുള്ള സൺറൈസ് വിഭാഗത്തിൽപ്പെടുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും അതുവഴി കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങളാണ് പുതിയ കരട് രേഖയിലുള്ളത്.
കേരളം എല്ലാ മേഖലയിലുള്ള ഉത്പന്നങ്ങളുടെയും നല്ലൊരു വിപണിയാണ്. വിശദമായ കണക്കുകൾ പരിശോധിച്ചാൽ 109,000 കോടി രൂപയുടെ ഉത്പന്നങ്ങൾ പുറത്തുനിന്ന് കേരള വിപണിയിലേക്കെത്തുന്നു. 10,000 കോടിയുടെ ഓട്ടോമൊബൈൽ, 3000 കോടിയുടെ ടെക്സ്റ്റൈൽ ഉത്പന്നങ്ങൾ, 345 കോടിയുടെ കുപ്പിവെള്ളവും സംസ്ഥാനത്ത് വിറ്റുപോകുന്നു. കേരളത്തിന്റെ വിപണിയിൽ തനത് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി കേരള ബ്രാൻഡ് നടപ്പാക്കാനും പുതിയ നയത്തിൽ ലക്ഷ്യമിടുന്നു. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ, ആയുർവേദം, ബയോടെക്നോളജി, ഡിസൈനിങ്, ഇലക്ട്രോണിക്സ് ഡിസൈനിങ്ങും നിർമ്മാണവും, വൈദ്യുതി വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളുടെയും നിർമ്മാണം, എൻജിനിയറിംഗ്, ആർ ആൻഡ് ഡി, ഫുഡ് ടെക്, ഹൈടെക് കൃഷി, മൂല്യവർദ്ധിത റബ്ബർ ഉത്പന്നങ്ങൾ, ലോജിസ്റ്റിക്സ്, മെഡിക്കൽ ഉപകരണങ്ങൾ, നാനോ ടെക്നോളജി, റീട്ടെയിൽ, സ്പേസ്, റോബോട്ടിക്സ്, പുനരുപയോഗിക്കാവുന്ന ഊർജ്ജമേഖല, ടൂറിസം, ഗ്രാഫീൻ, ത്രീഡി പ്രിന്റിങ്, മറൈൻ ക്ലസ്റ്റർ തുടങ്ങിയ വിഭാഗങ്ങളിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും നയത്തിൽ ലക്ഷ്യമുണ്ട്.
കെ.എസ്.ഐ.ഡി.സിയുടെ വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കുന്ന കരട് നയത്തിൽ പൊതുജനാഭിപ്രായങ്ങൾ തേടാനും ഒക്ടോബർ 20 മുതൽ സെക്ടർ തലത്തിൽ ആറ് മീറ്റിംഗുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. 2023 ജനുവരിയിലാകും പുതിയ വ്യവസായ നയം പ്രാബല്യത്തിൽ വരുന്നതെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറിമാരായ സുമൻ ബില്ല, എ.പി എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി എസ്. ഹരികിഷോർ തുടങ്ങിയവർ വാർത്താസമ്മളനത്തിൽ പങ്കെടുത്തു.
Post Your Comments