ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്ര സർക്കാർ. പോപ്പുലർ ഫ്രണ്ടിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുകയായിരുന്നു. പി.എഫ്.ഐയെയും അതിന്റെ എല്ലാ അഫിലിയേറ്റുകളെയും 5 വർഷത്തേക്ക് ആണ് നിരോധിച്ചിരിക്കുന്നത്. UAPA പ്രകാരം ‘നിയമവിരുദ്ധമായ അസോസിയേഷൻ’ ആണെന്ന് സർക്കാർ അറിയിച്ചു. സംഘടന ഓഫീസുകളിലും നേതാക്കന്മാരുടെ വസതികളിലും അടക്കം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടര്‍ച്ചയായി റെയ്ഡ് നടത്തുന്നതിനിടെയാണ് നിരോധനം.
ഇന്നലെയും വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലുമായി എൻ.ഐ.എയുടെ റെയ്ഡ് നടന്നിരുന്നു. 50 തിലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റെയ്ഡിന്റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നു. പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ റെയിഡിൽ വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി റിമാൻഡ് റിപ്പോർട്ടിൽ എൻ.ഐ.എ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് ആഭ്യന്തര മന്ത്രാലയത്തിന് എൻ.ഐ.എ റിപ്പോർട്ട് നൽകിയത്.
ഫണ്ടിംഗ്, പരിശീലന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു എൻഐഎ ചോദ്യങ്ങൾ ഉന്നയിച്ചത്. വിദേശത്തെ യുണിറ്റുകൾ വഴി പിഎഫ്ഐ പണം ശേഖരിച്ചതിന്റെ തെളിവുകൾ ഉണ്ടെന്നാണ് എൻഐഎ പറയുന്നത്. താലിബാൻ മാതൃകയിൽ മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകൾ റെയിഡിൽ പിടിച്ചെടുത്തു എന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചിലർ ഭീകരസംഘടനകളുമായി സമ്പർക്കത്തിലായിരുന്നു. തെലങ്കാനയിൽ നടത്തിയ അന്വേഷണത്തിൽ പരിശീലന കേന്ദ്രങ്ങളുടെ വിവരം കിട്ടിയിരുന്നു.
യുവാക്കളെ കേരളത്തിലേക്ക് കൊണ്ടുപോയി പരിശീലനം നൽകുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയത്തെ വർഗീയവൽക്കരിക്കുക, താലിബാൻ ബ്രാൻഡായ ഇസ്‌ലാമിനെ പ്രോത്സാഹിപ്പിക്കുക, അവ നടപ്പാക്കുക, നിലവിലുള്ള സാമൂഹിക ഭിന്നതകൾ ഉയർത്തുക, മിതവാദികളായ മുഖ്യധാരാ മുസ്ലീം സംഘടനകളെ ജനമനസ്സുകളിൽ നിന്ന് പുറത്താക്കുക തുടങ്ങിയവയാണ് പോപ്പുലർ ഫ്രണ്ട് നടത്തിവരുന്ന പ്രവർത്തനങ്ങളെന്ന് എൻ.ഐ.എ തങ്ങളുടെ റിപ്പോർട്ടിൽ അവകാശപ്പെടുന്നു.
Central Government declares PFI (Popular Front of India) and its associates or affiliates or fronts as an unlawful association with immediate effect, for a period of five years. pic.twitter.com/ZVuDcBw8EL
— ANI (@ANI) September 28, 2022
Post Your Comments