KeralaLatest NewsNews

ലഹരിവിരുദ്ധ ക്യാമ്പയിൻ തുടർപ്രക്രിയയാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഒക്ടോബർ 2ന് തുടക്കം കുറിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ തുടർപ്രക്രിയയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവംബർ 1 വരെ നീളുന്ന ആദ്യഘട്ട അനുഭവം വിലയിരുത്തി തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി. സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടികൾക്ക് യോഗത്തിൽ പങ്കെടുത്തവർ പൂർണ്ണപിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു.

Read Also: മായം ചേർക്കൽ കേസുകൾ വർദ്ധിക്കുന്നതായി പരാതി, കർശന നടപടിയുമായി ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

സ്‌കൂളുകളിൽ ബോധവൽക്കരണം ശക്തമാക്കും. ആവശ്യത്തിനു കൗൺസിലർമാർ ഉണ്ടാകും. കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റം മനസ്സിലാക്കാൻ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവൽക്കണം നടത്തും. അതിഥി തൊഴിലാളികൾക്കിടയിൽ അവരുടെ ഭാഷയിൽ ബോധവൽക്കരണം നടത്തും.

എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളായ പോലീസ്, എക്‌സൈസ്, നാർക്കോട്ടിക് സെൽ തുടങ്ങിയവ ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. കനത്ത ശിക്ഷ ഉറപ്പാക്കുന്നതിന് നിയമം കൂടുതൽ കർക്കശമാക്കി. മയക്കുമരുന്ന് കേസിൽ പെടുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കിക്കഴിഞ്ഞു. കേസിൽപ്പെട്ടാൽ നേരത്തെ സമാനമായ കേസിൽ ഉൾപ്പെട്ട വിവരവും കോടതിയിൽ സമർപ്പിക്കും. ഇതിലൂടെ കൂടുതൽ ശിക്ഷ ഉറപ്പിക്കാനാകും. കാപ്പ മാതൃകയിൽ ഇത്തരം കേസുകൾക്ക് ബാധകമായ നിയമം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതിർത്തികളിലും റെയിൽവേ സ്റ്റേഷനുകളിലും ജാഗ്രത ശക്തിപ്പെടുത്തും. സ്‌കൂളുകളിലും കടകളിലും ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ഫോൺനമ്പർ ഉൾപ്പെടെയുള്ള പോസ്റ്ററുകൾ പ്രദർശിപ്പിക്കും. വിവരം നൽകുന്നവരുടെ കാര്യം രഹസ്യമാക്കി സൂക്ഷിക്കും.

സ്‌കൂളുകളിൽ പുറത്തു നിന്നു വരുന്നവരുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഡി- അഡിക് ഷൻ സെന്ററുകൾ വ്യാപിപ്പിക്കും. സർക്കാർ ഉടമസ്ഥതയിലും സെന്ററുകൾ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മയക്കുമരുന്ന് കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. സിന്തറ്റിക് രാസലഹരി പോലുള്ളവയുടെ ഉപയോഗം വലിയ ഭീഷണിയാണ്. കുട്ടികളെ ലക്ഷ്യമിട്ട് ഭാവിതലമുറയെ മരവിപ്പിക്കാനാണ് ശ്രമം. ആൺ – പെൺ വ്യത്യാസമില്ലാതെ ലഹരി ഉപയോഗം നടക്കുകയാണ്. പൊതു ക്യാമ്പയിന്റെ ഭാഗമായി പുകവലി ശീലം മാറ്റാൻ നമുക്കായി. എൻഫോഴ്‌സ്‌മെന്റ് സംവിധാനം കാര്യക്ഷമാക്കിയതുകൊണ്ടുമാത്രം ലഹരി ഉപയോഗം പൂർണമായി നേരിടാനായില്ല. നാടൊന്നാകെയുള്ള ഇടപെടൽ ഇതിന് ആവശ്യമാണ്.

റസിഡന്റ്‌സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, ഗ്രന്ഥശാലകൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ എന്നിങ്ങനെ ഏതെല്ലാം കൂട്ടായ്മകൾ ഉണ്ടോ അവയൊക്കെ ഇതിന്റെ ഭാഗമാകണം.

സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാർഡ്, സ്‌കൂൾതല സമിതികൾ രൂപീകരിച്ചുകഴിഞ്ഞു. അവയിൽ എല്ലാ രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഉൾപ്പെട്ടുവെന്ന് ഉറപ്പാക്കണം. വിവിധ മേഖലകളിലെ പ്രമുഖരെയും പങ്കെടുപ്പിക്കണം. ഒരു മാസത്തേക്ക് നിശ്ചയിച്ച ലഹരിവിരുദ്ധ പരിപാടികൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. എല്ലാ പരിപാടികളിലും രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ ആൾക്കാരെ നല്ലരീതിയിൽ പങ്കെടുപ്പിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, കെ.കെ. ജയചന്ദ്രൻ (സി.പി.ഐ.എം) അഡ്വ. മരിയാപുരം ശ്രീകുമാർ (കോൺഗ്രസ് ഐ), സത്യൻ മൊകേരി (സി.പി.ഐ), ബീമാപ്പള്ളി റഷീദ് (മുസ്ലീം ലീഗ്), ചെറിയാൻ പോളച്ചിറയ്ക്കൽ (കേരള കോൺഗ്രസ് എം), മാത്യു ടി തോമസ് എം.എൽ.എ (ജനതാദൾ (സെക്യുലർ), മോൻസ് ജോസഫ് എം.എൽ.എ (കേരളാ കോൺഗ്രസ്), കെ. ഷാജി (എൻ.സി.പി.), രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ് എസ്.), പി.സി. ജോസഫ് (കേരള കോൺഗ്രസ്), എം.എം. മാഹിൻ (ഐഎൻഎൽ), കെ.ജി. പ്രേംജിത്ത് (കേരള കോൺഗ്രസ് ബി), ഷാജി ഫിലിപ്പ് (ആർ.എസ്.പി. ലെനിനിസ്റ്റ്), കരുമം സുന്ദരേശൻ (കേരള കോൺഗ്രസ് ജേക്കബ്), ബാലകൃഷ്ണപിള്ള (ആർ.എം.പി.), വർഗ്ഗീസ് ജോർജ് (ലോക് താന്ത്രിക് ജനതാദൾ), കെ. ജയകുമാർ (ആർ.എസ്.പി.) ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, എ.ഡി.ജി.പി. വിജയ് സാഖ്‌റെ, എക്‌സൈസ് കമ്മിഷണർ അനന്ത കൃഷ്ണൻ, നിയമ സെക്രട്ടറി വി. ഹരി നായർ തുടങ്ങിയവർ പങ്കെടുത്തു.

Read Also: കാട്ടാക്കടയില്‍ ഗൃഹനാഥനേയും മകളേയും മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു

shortlink

Related Articles

Post Your Comments

Related Articles


Back to top button