KeralaLatest NewsNews

കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം ലഭിച്ചു: മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: കോന്നി സർക്കാർ മെഡിക്കൽ കോളേജ് എംബിബിഎസ് പ്രവേശനത്തിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 100 എംബിബിഎസ് സീറ്റുകൾക്കാണ് അംഗീകാരം ലഭിച്ചത്. ഇതോടെ സർക്കാർ മേഖലയിൽ ആകെ 1655 എംബിബിഎസ് സീറ്റുകൾക്കാണ് അംഗീകാരമുള്ളത്.

Read Also: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്ത്: വിലക്ക് ഏര്‍പ്പെടുത്താൻ നീക്കം

പത്തനംതിട്ട ജില്ലയുടെ ദീർഘനാളായുള്ള സ്വപ്നമാണ് സാക്ഷാത്ക്കരിച്ചത്. കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം ലഭിച്ചതോടെ ഈ മെഡിക്കൽ കോളേജിലും വലിയ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കാനാകും. ഘട്ടംഘട്ടമായി മറ്റ് മെഡിക്കൽ കോളേജുകളെ പോലെ കോന്നി മെഡിക്കൽ കോളേജിനേയും മാറ്റും. നടപടി ക്രമങ്ങൾ വേഗത്തിലാക്കി ഈ അധ്യയന വർഷം തന്നെ എംബിബിഎസ് വിദ്യാർത്ഥി പ്രവേശനം സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇടുക്കി, കോന്നി എന്നീ രണ്ട് മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നേടാനായി. ഇതിലൂടെ 200 പുതിയ എംബിബിഎസ് സീറ്റുകളാണ് നേടാനായത്. കൊല്ലം മെഡിക്കൽ കോളേജിലും, മഞ്ചേരി മെഡിക്കൽ കോളേജിലും നഴ്‌സിംഗ് കോളേജുകൾ ആരംഭിച്ചു. ഇതിലൂടെ 120 നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പ്രവേശം സാധ്യമായി. 26 സ്‌പെഷ്യാലിറ്റി സീറ്റുകൾക്കും 9 സൂപ്പർ സ്‌പെഷ്യാലിറ്റി സീറ്റുകൾക്കും അംഗീകാരം നേടിയെടുത്തു.

നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് 250, കൊല്ലം മെഡിക്കൽ കോളേജ് 110, കോന്നി മെഡിക്കൽ കോളേജ് 100, ആലപ്പുഴ മെഡിക്കൽ കോളേജ് 175, കോട്ടയം മെഡിക്കൽ കോളേജ് 175, ഇടുക്കി മെഡിക്കൽ കോളേജ് 100, എറണാകുളം മെഡിക്കൽ കോളേജ് 110, തൃശൂർ മെഡിക്കൽ കോളേജ് 175, മഞ്ചേരി മെഡിക്കൽ കോളേജ് 110, കോഴിക്കോട് മെഡിക്കൽ കോളേജ് 250, കണ്ണൂർ മെഡിക്കൽ കോളേജ് 100 എന്നിങ്ങനെ സീറ്റുകളാണുള്ളത്.

കോന്നി മെഡിക്കൽ കോളേജിൽ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ സമയബന്ധിതമായ ഇടപെടലുകളാണ് ഇത്രവേഗം അംഗീകാരം നേടിയെടുക്കാനായത്. എംഎൽഎ കെ.യു. ജനീഷ് കുമാറിന്റെ ഇടപെടലുമുണ്ടായിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉന്നതോദ്യോഗസ്ഥർ, കോന്നി മെഡിക്കൽ കോളേജിലെ ഉദ്യോഗസ്ഥർ എന്നിവരുടെ ഏകോപനവും പ്രവർത്തനങ്ങളുമുണ്ടായിരുന്നു. ഈ സർക്കാരിന്റെ കാലത്ത് 250 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സാധ്യമാക്കിയത്. 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാമത്തെ ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കാന്റീൻ, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്‌സുകൾ, ലോൺട്രി, അനിമൽ ഹൗസ്, ഓഡിറ്റോറിയം, മോർച്ചറി എന്നിവയുടെ നിർമ്മാണത്തിനായി 200 കോടിയുടെ സാമ്പത്തികാനുമതി ലഭ്യമാക്കി നിർമ്മാണം ആരംഭിച്ചു. ആദ്യവർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് 18.72 കോടി രൂപ കിഫ്ബിയിൽ നിന്നും പ്രത്യേകമായി ലഭ്യമാക്കി. ഇന്റേണൽ റോഡ്, എസ്.ടി.പി., പ്രവേശന കവാടം മുതലായവ നിർമ്മിക്കുന്നതിന് 15.51 കോടി രൂപയുടെ ഭരണാനുമതി നൽകി തുടർ നടപടികൾ സ്വീകരിച്ച് വരുന്നു. 5 കോടി രൂപയുടെ ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സി.ടി സ്‌കാൻ സ്ഥാപിക്കാൻ അനുമതി നൽകി. ആധുനിക ലേബർറൂം നിർമ്മിക്കുന്നതിന് 3.5 കോടി രൂപയുടെ ലക്ഷ്യാ പദ്ധതിക്ക് അനുമതി ലഭ്യമാക്കി.

കോവിഡ് കാലത്ത് പ്രതിസന്ധികളെ തരണം ചെയ്ത് ഒ.പി, ഐ.പി, അത്യാഹിത വിഭാഗം എന്നിവ ആരംഭിച്ചു. മൈനർ ഓപ്പറേഷൻ തിയേറ്റർ, ലാബ്, ഫാർമസി, ഇ ഹെൽത്ത്, കാരുണ്യ മെഡിക്കൽ സ്റ്റോർ, ബ്ലെഡ് സ്റ്റോറേജ് യൂണിറ്റ്, അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, ലക്ചർ തിയേറ്റർ, ഫാർമക്കോളജി വിഭാഗം ലാബ്, ബയോകെമിസ്ട്രി വിഭാഗം ലാബ്, ഫിസിയോളജി ലാബ്, പ്രിൻസിപ്പാളിന്റെ കാര്യാലയം, പരീക്ഷാഹാൾ, ലക്ചർഹാൾ, പാത്തോളി വിഭാഗം ലാബ്, മൈക്രോബയോളജി ലക്ചർ ഹാൾ, ഫർണിച്ചറുകൾ, ലൈബ്രറി ബുക്കുകൾ, സ്‌പെസിമെനുകൾ, പഠനനോപകരണങ്ങൾ, ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) എന്നിവ സാധ്യമാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: സീനിയർ സിവിൽ പൊലീസ് ഓഫിസർ ആത്മഹത്യക്ക് ശ്രമിച്ചു: സംഭവം വടകര പൊലീസ് സ്റ്റേഷനിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button