തിരുവനന്തപുരം: ഇലന്തൂര്‍ ഗവ. കോളജിന്റേയും കോഴഞ്ചേരി പാലത്തിന്റേയും പത്തനംതിട്ട കോടതി സമുച്ഛയത്തിന്റെയും സ്ഥലമേറ്റെടുപ്പ് നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
Read Also: ബാനറില്‍ സവര്‍ക്കറുടെ ഫോട്ടോ: സുരേഷിനെതിരേ നടപടി ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി കെ. സുധാകരന്
നിലവില്‍ ഇലന്തൂര്‍ ഗവ. കോളജ് ഹൈസ്കൂള്‍ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് വലിയ ബുദ്ധിമുട്ടുകള്‍ അവിടെ നേരിടുന്നുണ്ട്. അതുകൊണ്ടു തന്നെ കോളജിനായുള്ള സ്ഥലമേറ്റെടുപ്പ് എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. പത്തനംതിട്ട വില്ലേജിന്റെ റീസര്‍വേ നടപടികള്‍ വേഗം പൂര്‍ത്തിയാക്കണം. റീസര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ക്കായി നിയോഗിച്ചിരുന്ന ജീവനക്കാരെ ഇതിനായി തിരികെ കൊണ്ടുവരണം. പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനു സമീപം ബസ് സ്റ്റോപ്പിനോടു ചേര്‍ന്ന് മാടക്കട പ്രവര്‍ത്തിക്കുന്നത് അവിടെ ബസ് കാത്തിരിക്കുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അത് ഒഴിപ്പിക്കാന്‍ വേണ്ട നടപടികള്‍ പൊതുമരാമത്ത് നിരത്തു വിഭാഗം സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡും, മറ്റ് വകുപ്പുകളും ചെയ്യേണ്ട പ്രവര്‍ത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിന്റെ കുളിക്കടവ് ഇടിഞ്ഞു കിടക്കുന്നത് അടിയന്തിരമായി കെട്ടണം. അടൂര്‍ ബൈപ്പാസില്‍ വട്ടത്രപ്പടി ജംഗ്ഷനിലെ വളവ് നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അപകടാവസ്ഥ പരിഹരിക്കുന്നതിന് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. പഴകുളം ജംഗ്ഷനില്‍ പടിഞ്ഞാറു ഭാഗത്ത് പൈപ്പ് പൊട്ടി വെള്ളം കിട്ടുന്നില്ല. ഇതിനു പരിഹാരം കാണണം. കരിങ്ങാലി പുഞ്ചയില്‍ കൃഷി ചെയ്യുന്നതിനുള്ള അടിസ്ഥാനസൗകര്യം ഒരുക്കണം. ഇതിനോട് ചേര്‍ന്ന തോട് നവീകരിക്കണം. അടൂര്‍ ബൈപ്പാസില്‍ വിരിച്ച ടൈലിന് മുകളില്‍ കാടുകയറിയത് നീക്കണം. അടൂര്‍ ഇരട്ടപ്പാലത്തിന്റെ അവസാനവട്ട പ്രവൃത്തികള്‍ ഈമാസം 30ന് അകം പൂര്‍ത്തീകരിക്കണം.
അടൂര്‍, പള്ളിക്കല്‍, ഏറത്ത്, പന്തളം, പന്തളം തെക്കേക്കര, ഏഴംകുളം എന്നിവിടങ്ങളില്‍ കാട്ടുപന്നി ശല്യം വര്‍ധിക്കുകയാണ്. പന്നി ശല്യം കുറയ്ക്കുന്നതിന്റെ ഭാഗമായി കൊടുമണ്‍ പ്ലാന്റേഷനിലെ കാട് തെളിക്കാന്‍ വേണ്ട നടപടികളും പ്ലാന്റേഷനിലുള്ള പന്നികള്‍ പുറത്തിറങ്ങാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം. മുല്ലോട്ട് ഡാം നവീകരണം നടത്തണം. പള്ളിക്കലെ കോളനിയിലെ കുടിവെള്ള പ്രശ്നം അടിയന്തര സ്വഭാവത്തില്‍ പരിഹരിക്കണം. കൊടുമണ്‍ – ചിറണിക്കല്‍-പറക്കോട് റോഡിലെ പൈപ്പ് വാട്ടര്‍ അതോറിറ്റി എത്രയും വേഗത്തില്‍ മാറ്റിയിടണം. പന്തളം പഴയ വില്ലേജ് ഓഫീസ് വൃത്തിയാക്കണം. ചേരിക്കല്‍ റോഡ് ഉയര്‍ത്തണം. ഏഴംകുളം പ്ലാന്റേഷന് റോഡിലെ പാലം പണി പൂര്‍ത്തിയാക്കണം. ഏനാത്ത്- മണ്ണടി റോഡിലെ അപകടാവസ്ഥ പരിഹരിക്കണം. അടൂര്‍ മണ്ഡലത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട ഫയലില്‍ നടപടി സ്വീകരിക്കുന്നതിന് കാലതാമസമുണ്ടായത് പരിശോധിക്കണം.
അടൂര്‍-മണ്ണടി റോഡിലെ പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തി കല്ല് സ്ഥാപിക്കണം. അടൂര്‍ ഗോപാലകൃഷ്ണന് റോഡിലെ പൊടിശല്യത്തിന് പരിഹാരം കാണണം. പന്തളം- കൈപ്പട്ടൂര്‍ റോഡിലെ മാമ്പിലാലി ഭാഗത്തെ കലുങ്ക് നിര്‍മാണം വേഗത്തിലാക്കണം. മികവിന്റെ കേന്ദ്രം സ്കൂളുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ വേഗം പൂര്‍ത്തീകരിക്കണം. അടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് രണ്ട് വാഹനങ്ങള്‍ അനുവദിക്കണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
ജില്ലയില്‍ ലഹരി വ്യാപനത്തിനെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. ലഹരിവിരുദ്ധ ക്യാമ്പയിന് മികച്ച നിലയില്‍ സംഘടിപ്പിക്കണം. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ജില്ലയില്‍ പോലീസ്, എക്സൈസ് വകുപ്പുകള്‍ പരിശോധനകള്‍ ശക്തമാക്കണം. ലഹരി ഉപയോഗം കൂടുതലുള്ള ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തണം. ലഹരി വസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം. പാന്‍മസാല കച്ചവടക്കാര്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തണം. ഇലന്തൂര്‍ ഗവ കോളജ് സ്ഥലം ഏറ്റെടുപ്പ് വേഗമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ലഹരി ഉപയോഗം തടയുന്നതിന് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് പത്തനംതിട്ട നഗരസഭ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന് പറഞ്ഞു. പുനലൂര്‍- മൂവാറ്റുപുഴ റോഡില്‍ കുമ്പഴയില്‍ നിന്ന് നീക്കം ചെയ്ത ഹൈമാസ്റ്റ് ലൈറ്റുകള്‍ പുനഃസ്ഥാപിക്കണം. വെട്ടിപ്രം- പത്തനംതിട്ട റോഡ്, കുമ്പഴ-പത്തനംതിട്ട റോഡ്, പ്രസ്ക്ലബ്ബ്- വെട്ടിപ്രം റോഡ് എന്നിവിടങ്ങളിലെ വാട്ടര്‍ അതോറിറ്റി പ്രവൃത്തി പൂര്‍ത്തീകരിച്ച് നവീകരിക്കണം. സ്റ്റേഡിയം ജംഗ്ഷനിലെ റൗണ്ട് എബൗട്ട് ആരോഗ്യ വകുപ്പ് മന്ത്രിയുമായി സംസാരിച്ച ശേഷം വേണ്ട തുടര്‍ നടപടികള്‍ സ്വീകരിക്കണം. പത്തനംതിട്ട റിംഗ് റോഡ് സൗന്ദര്യവത്ക്കരണം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണം. പത്തനംതിട്ട നഗരസഭ പരിധിയിലെ എല്ലാ ഓഫീസുകളും ഗ്രീന്‍ ഓഫീസ് ആക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുകയാണ്. ഇതിന്റെ ഭാഗമായി അതത് ഓഫീസിലെ ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള സംവിധാനം അതത് ഓഫീസുകള്‍ സ്വീകരിക്കണം. വേണ്ട പിന്തുണ നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടാകും. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പടിഞ്ഞാറു വശത്തുള്ള മതില് പൊളിച്ചു നീക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ചെയര്മാന് പറഞ്ഞു.
കോവിഡിന് ശേഷം നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ പറഞ്ഞു. അപ്പര്‍ കുട്ടനാട്ടില്‍ നെല്‍കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം എത്രയും വേഗം വിതരണം ചെയ്യണം. പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. ചുങ്കപ്പാറയിലെ വ്യാപാര സ്ഥാപനങ്ങളേയും വാസസ്ഥലങ്ങളേയും പ്രളയത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ചങ്ങനാശേരി- മല്ലപ്പള്ളി- എഴുമറ്റൂര്‍- നാറാണംമൂഴി-ചാലക്കയം റോഡ് വികസിപ്പിക്കണം. കോമളം മുതല്‍ കുരിശുകവല വരെയുള്ള ഓട നിര്‍മാണ തീരുമാനം പുനഃപരിശോധിക്കണം. കോമളത്ത് താത്കാലിക പാലം നിര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എഡിഎം ബി രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Also: ഹർത്താൽ ദിനത്തിലെ അതിക്രമം: 1013 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്
Post Your Comments