അതിവേഗ ഡെലിവറി സംവിധാനം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ഓർഡർ ചെയ്ത് നാല് മണിക്കൂറിനകം ഉൽപ്പന്നങ്ങൾ ഉപഭോക്താവിന്റെ കൈകളിൽ എത്തുന്ന അതിവേഗ ഡെലിവറി സിസ്റ്റമാണ് രാജവ്യാപകമായി അവതരിപ്പിക്കുന്നത്. നിലവിൽ, സെയിം ഡേ ഡെലിവറി സേവനം 14 നഗരങ്ങളിൽ മാത്രമാണ് ആമസോൺ അവതരിപ്പിച്ചിരുന്നത്. എന്നാൽ, ബിസിനസ് വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 50 നഗരങ്ങളിലേക്ക് കൂടി അതിവേഗ ഡെലിവറി സംവിധാനം ഏർപ്പെടുത്തും. ആമസോൺ പ്രൈം മെമ്പർമാർക്കാണ് ഈ സേവനം ലഭിക്കുക.
റിപ്പോർട്ടുകൾ പ്രകാരം, സൂറത്ത്, മൈസൂരു, മംഗലാപുരം, ഭോപ്പാൽ, നാസിക്, നെല്ലൂർ, അനന്തപൂർ, ഫരീദാബാദ്, പാറ്റ്ന തുടങ്ങിയ നഗരങ്ങളിലെ വിവിധ പിൻകോഡുകൾക്ക് കീഴിൽ വരുന്ന സ്ഥലങ്ങളിലാണ് സെയിം ഡേ ഡെലിവറി സിസ്റ്റം അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ആമസോൺ പ്രത്യേക സജ്ജീകരണങ്ങൾ ഓരോ നഗരങ്ങളിലും ഒരുക്കിയിട്ടുണ്ട്.
2017 ലാണ് സെയിം ഡേ ഡെലിവറി സിസ്റ്റം ആദ്യമായി ആമസോൺ അവതരിപ്പിച്ചത്. പുതിയ നഗരങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നതോടെ, വയർലെസ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, ബുക്സ്, ടോയ്സ്, മീഡിയ, കിച്ചൺ, ലക്ഷ്വറി, സ്പോർട്സ്, പേഴ്സണൽ കെയർ, വീഡിയോ ഗെയിംസ് തുടങ്ങിയ വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾ മണിക്കൂറുകൾക്കകം ഉപഭോക്താവിന് സ്വന്തമാക്കാൻ സാധിക്കും.
Post Your Comments