തിരുവനന്തപുരം: തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്ത് നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിർഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി വെള്ളിയാഴ്ച്ച കാലത്ത് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു.
Read Also: പ്രായപൂർത്തിയാകാത്ത കുട്ടിയെ മദ്രസയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം : മദ്രസ അധ്യാപകൻ അറസ്റ്റിൽ
തേവാരപ്പുരയിൽ, പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിക്കുന്ന ഉടവാൾ സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശനിൽ നിന്ന് സ്വീകരിച്ച് സംസ്ഥാന ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ആചാരപ്രകാരം തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബുവിനും തമിഴ്നാട് എച്ച് ആന്റ് സി കമ്മീഷണർ ജെ. കുമാരഗുരുബരനും കൈമാറി. ഇവരിൽ നിന്നും ശുചീന്ദ്രം ദേവസ്വത്തിലെ ജീവനക്കാരൻ സുദർശൻ ഉടവാൾ ഏറ്റുവാങ്ങി.
പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, സി കെ ഹരീന്ദ്രൻ എംഎൽഎ, കന്യാകുമാരി ജില്ലാ കളക്ടർ എം അരവിന്ദ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ, ബോർഡ് അംഗം പി എം തങ്കപ്പൻ, കന്യാകുമാരി സബ് കളക്ടർ ഡോ പി അലർമേൽമങ്കൈ, കൊട്ടാരം ചാർജ് ഓഫീസർ സി എസ് അജിത്ത്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നിവരുടെ വിഗ്രഹങ്ങളാണ് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്ന് എഴുന്നള്ളിച്ചത്. മുന്നൂറ്റിനങ്ക ശുചീന്ദ്രത്ത് നിന്ന് വ്യാഴാഴ്ച രാവിലെയാണ് പുറപ്പെട്ടത്. വ്യാഴാഴ്ച രാത്രി കൽക്കുളം മഹാദേവ ക്ഷേത്രത്തിൽ വിശ്രമിച്ച മുന്നൂറ്റിനങ്ക ദേവി വെള്ളിയാഴ്ച പുലർച്ചെ നാലിന് വേളിമല കുമാരകോവിലിൽ നിന്നും പുറത്തെഴുന്നള്ളിയ കുമാരസ്വാമിക്കൊപ്പമാണ് പത്മനാഭപുരം കൊട്ടാരത്തിലെത്തിയത്.
ഉടവാൾ കൈമാറ്റത്തിന് ശേഷം സരസ്വതി വിഗ്രഹത്തെ പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് പുറത്തേക്ക് എഴുന്നള്ളിച്ചു. വാദ്യഘോഷത്തോടും വായ്ക്കുരവയോടുമാണ് ആനപ്പുറത്ത് സരസ്വതി വിഗ്രഹത്തിന്റെ തിടമ്പേറ്റിയത്. കേരള, തമിഴ്നാട് സായുധ പോലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി. അവിടെ വിഗ്രഹങ്ങൾക്ക് കേരള സർക്കാർ വരവേൽപ്പ് നൽകി. തുടർന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രാവിലെ ഒൻപതരയോടെ ആനപ്പുറത്തേറി ഘോഷയാത്രയായി സരസ്വതീ വിഗ്രഹം പുറത്തേക്ക് എഴുന്നള്ളി. തൊട്ടുപിന്നാലെ മനോഹരമായി അലങ്കരിച്ച ഇരു പല്ലക്കുകളിലായി വേളിമല കുമാര സ്വാമിയും ശുചീന്ദ്രം മുന്നൂറ്റി നങ്കയും.
വെള്ളിയാഴ്ച രാത്രി വിഗ്രഹങ്ങൾ കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ ഇറക്കിപൂജ നടത്തി. ശനിയാഴ്ച രാവിലെ കളിയിക്കാവിളയിൽ എത്തുന്ന ഘോഷയാത്രയെ കേരള പോലീസ്, റവന്യൂ, ദേവസ്വം അധികൃതർ ചേർന്ന് വരവേൽക്കും. ശനിയാഴ്ച രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ഇറക്കിപൂജ. ഞായറാഴ്ച രാവിലെ നെയ്യാറ്റിൻകരയിൽ നിന്നും പുറപ്പെടുന്ന ഘോഷയാത്ര വൈകിട്ട് തിരുവനന്തപുരത്തെത്തും. കുമാരസ്വാമിയെ കരമന മുതൽ വെള്ളിക്കുതിരപ്പുറത്താണ് എഴുന്നള്ളിക്കുന്നത്.
സന്ധ്യയോടെ ഘോഷയാത്ര കിഴക്കേക്കോട്ടയിൽ എത്തുമ്പോൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉടവാൾ ഏറ്റുവാങ്ങി ഘോഷയാത്രയെ ആചാരപ്രകാരം വരവേൽക്കും. പദ്മതീർഥക്കുളത്തിലെ ആറാട്ടിന് ശേഷം സരസ്വതി മണ്ഡപത്തിലാണ് സരസ്വതിദേവിയെ പൂജയ്ക്കിരുത്തുന്നത്. കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കിരുത്തും.
നവരാത്രി പൂജയാനന്തരം ഒരു ദിവസത്തെ നല്ലിരുപ്പിന് ശേഷം ഒക്ടോബർ ഏഴിന് രാവിലെ മൂന്ന് വിഗ്രഹങ്ങളും തിരുവനന്തപുരത്തു നിന്നും തിരിച്ചെഴുന്നള്ളത്തായി പദ്മനാഭപുരത്തേക്ക് പുറപ്പെടും.
Post Your Comments