Latest NewsKeralaNews

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യപൂർവ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്രിനൽ ഗ്രന്ഥിയിൽ ട്യൂമർ ബാധിച്ച രോഗിയ്ക്ക് നടത്തിയ അത്യപൂർവ താക്കോൽ ദ്വാര ശസ്ത്രക്രിയ (ലാപ്പറോസ്‌കോപ്പി) വിജയം. വൻകിട സ്വകാര്യ ആശുപത്രികളിൽ മാത്രം ചെയ്യുന്ന സങ്കീർണ ശസ്ത്രക്രിയയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സാധ്യമാക്കിയത്.

Read Also: രാവിലെ വെറുംവയറ്റില്‍ കുരുമുളക് പൊടിയിട്ട വെള്ളം കുടിക്കൂ : ​ഗുണങ്ങൾ നിരവധി

വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. സ്വകാര്യ ആശുപത്രികളിൽ 5 ലക്ഷത്തിലധികം രൂപ ചെലവു വരുന്ന ശസ്ത്രക്രിയയാണ് തികച്ചും സൗജന്യമായി ചെയ്തുകൊടുത്തത്. കഴിഞ്ഞ ദിവസമാണ് ഭർത്താവിന്റെ വെട്ടേറ്റ് അറ്റുപോയ യുവതിയുടെ കൈപ്പത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുന്നിച്ചേർത്തത്. സ്വകാര്യ ആശുപത്രിയിൽ പത്തര ലക്ഷം രൂപ ആവശ്യപ്പെട്ട ചികിത്സയാണ് ഇവിടെ പൂർണമായും സൗജന്യമായി നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം സ്വദേശിയായ 50 വയസുകാരൻ വയറു വേദനയുമായാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. വയറിന്റെ ഇടതു ഭാഗത്ത് വേദനയും ഉയർന്ന രക്തസമ്മർദ്ദവുമുണ്ടായിരുന്നു. യൂറോളജി വിഭാഗത്തിലും എൻഡോക്രൈനോളജി വിഭാഗത്തിലും നടത്തിയ പരിശോധനയിലാണ് ഇടത് അഡ്രിനൽ ഗ്രന്ഥിയിൽ ഹോർമോണായ കോർട്ടിസോൾ ഉത്പാദിപ്പിക്കുന്ന ട്യൂമർ കണ്ടെത്തിയത്. അഡ്രിനൽ ഗ്രന്ഥിയുടെ സൂക്ഷ്മമായ രക്തപരിശോധനയിൽ രക്തത്തിലെ കോർട്ടിസോൾ അളവ് കൂടുതലാണെന്ന് സ്ഥിരീകരിച്ചു.

തുടർന്നു നടന്ന ഡെക്‌സാറമെത്തസോൾ സപ്രഷൻ ടെസ്റ്റിൽ സാധാരണക്കാരിൽ നിന്നും വ്യത്യസ്ഥമായി അഡ്രിനൽ ഗ്രന്ഥിയിൽ ഉയർന്നതോതിൽ കോർട്ടിസോൾ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തി. ഇത് ട്യൂമറിന്റെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതായിരുന്നു. രോഗിക്ക് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയ താക്കോൽദ്വാര ശസ്ത്രക്രിയ തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മണിക്കൂർ നീണ്ട താക്കോൽദ്വാര ശസ്ത്രക്രിയിലൂടെ അഡ്രിനൽ ട്യൂമർ നീക്കം ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രോഗി സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.

യൂറോളജി വിഭാഗത്തിലെ ഡോ. പി.ആർ. സാജുവിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയ്ക്ക് ഡോ. എം.കെ. മനു, ഡോ. തമോഘ്‌ന, ഡോ. ഋതുരാജ് ചൗധരി, ഡോ. ലിംഗേഷ്, ഡോ. സുമൻ എന്നിവർക്കൊപ്പം അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ഹരി, ഡോ. രാഖിൻ, ഡോ. അയിഷ എന്നിവർ നേതൃത്വം നൽകി. നഴ്‌സുമാരായ മായ, രമ്യ, ബ്ലെസി എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.

Read Also: അഭിമുഖത്തിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അസഭ്യവര്‍ഷം, ഭീഷണി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button