തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയുടെയും ഇ.ഡിയുടെയും വ്യാപക പരിശോധന. റെയ്ഡിൽ നിരവധി നേതാക്കളെ കസ്റ്റഡിയിലെടുത്തു. ന്യൂഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ് നടത്തിയതിനൊപ്പം നിരവധി നേതാക്കളുടെ വീട്ടിലും അന്വേഷണ സംഘം റെയ്ഡ് നടത്തി. നിർണായകമായ രേഖകൾ വിവിധ ഇടങ്ങളിൽ നിന്നായി പിടിച്ചെടുത്തതായി സൂചന.
കോഴിക്കോട് അർധരാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. കേരളത്തിൽ 50 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നതെന്നാണ് വിവരം. പോപ്പുലർ ഫ്രണ്ട് സമിതി അംഗത്തേയും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രെട്ടറിയേയും കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് പിഎഫ്‌ഐ മുൻ ദേശീയ സമിതി അംഗത്തിന്റെ വീട്ടിൽ പരിശോധന നടത്തി. അഷറഫ് മൗലവിയുടെ വീട്ടിലാണ് എൻഐഎ പരിശോധന. മണക്കാട് ഓഫീസിലും പരിശോധന പുരോഗമിക്കുകയാണ്. എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രെട്ടറി പി കെ ഉസ്മാന്റെ കേച്ചേരിയിലെ വീട്ടിലും റെയ്ഡ് നടത്തി അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തു.
Also Read:തുളസി വെള്ളം പതിവായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മലപ്പുറത്ത് പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ എംഎ സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും ദേശീയ സെക്രട്ടറി നസറുദ്ധീൻ എളമരത്തിന്റെ വീട്ടിലും റെയ്ഡ് നടത്തി. പെരുമ്പിലാവിലെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് സംഘം കസ്റ്റഡിയിൽ എടുത്തത്. പോപ്പുലർ ഫ്രണ്ട് തൃശൂർ ജില്ലാ ഓഫീസിൽ എൻഐഎ റെയ്ഡ് നടത്തി. ചാവക്കാട് തെക്കഞ്ചേരിയിലെ യൂണിറ്റി ഹൗസിലാണ് റെയ്ഡ്. പുത്തനത്താണി പൂവഞ്ചിനയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസായ മലബാർ ഹൗസിൽ പരിശോധന നടന്നു.
കോട്ടയത്തും എൻഐഎ റെയ്ഡ് പുരോഗമിക്കുകയാണ്. ജില്ലാ നേതാക്കൾ അടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ടയിൽ എസ്ഡിപിഐ ജില്ലാ സെക്രട്ടറി സാദിക് അഹമ്മദിന്റെ വീട്ടിലെ റെയ്ഡിന് പുറമേ പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡണ്ടിന്റെ പത്തനംതിട്ട കൊന്നമൂട്ടിലും റെയ്ഡ് നടത്തി. പോപ്പുലർ ഫ്രണ്ട് സമിതി അംഗം തൃശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ കസ്റ്റഡിയിൽ എടുത്തു.
കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസുകളിലും ജില്ലാ കമ്മിറ്റി ഓഫീസുകളിലും നടത്തിയ പരിശോധനയില്‍ നാല് മൊബൈലും പെന്‍ഡ്രൈവും ലഘുലേഖകളും പിടിച്ചെടുത്തു. ഇതിന് പുറമേ പലയിടങ്ങളിൽ നിന്നും ഡിജിറ്റൽ ഡിവൈസുകളും പിടിച്ചെടുത്തു. കേരളത്തിനുപുറമെ തമിഴ്നാട്, ആന്ധ്ര, തെലങ്കാന, യുപി തുടങ്ങിയ ഇടങ്ങളിലുമാണ് റെയ്ഡ്.
Post Your Comments