ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ വ്യാപക റെയ്ഡിൽ അറസ്റ്റിലായത് നൂറിലധികം നേതാക്കൾ. ഉത്തർപ്രദേശ്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവയുൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽ ആണ് തീവ്രവാദ വിരുദ്ധ ഏജൻസി റെയ്ഡ് നടത്തിയത്.
രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ നൂറിലധികം നേതാക്കളും പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്. എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സംസ്ഥാന പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിനെതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രംഗത്ത്. കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായതെന്നാണ് എൻ.ഐ.എ പറയുന്നത്. തൊട്ടുപിന്നിൽ മഹാരാഷ്ട്രയിലും കർണാടകയിലുമാണ്. ദേശീയ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും എൻ.ഐ.എയുടെ കസ്റ്റഡിയിലാണ്.
തീവ്രവാദ ഫണ്ടിംഗ്, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, തീവ്രവാദ ഗ്രൂപ്പുകളിൽ ചേരുന്നതിന് മറ്റുള്ളവരെ ആകർഷിക്കാൻ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയതെന്ന് എൻ.ഐ.എ അവകാശപ്പെടുന്നു. പിഎഫ്ഐയുടെ ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസും റെയ്ഡ് ചെയ്യുന്നു. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 38 സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിന് ശേഷം ചൊവ്വാഴ്ച തീവ്രവാദ വിരുദ്ധ ഏജൻസി നാല് പിഎഫ്ഐ പ്രവർത്തകർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരം കേസെടുത്തു.
Post Your Comments