കീവ്: റഷ്യൻ സേനയുടെ കൈവശമുള്ള ചില പ്രദേശങ്ങൾ ഉക്രൈൻ പതുക്കെ തിരിച്ചുപിടിക്കുകയാണ്. യുദ്ധത്തിൽ തോൽവി സമ്മതിക്കാൻ കഴിയാത്ത റഷ്യ ഉക്രൈനെ തോൽപ്പിക്കാൻ കള്ളന്മാരെയും കൊലയാളികളെയും കൂട്ടുപിടിക്കുന്നതായി റിപ്പോർട്ട്. ഉക്രൈനെതിരെ പോരാടാൻ മോസ്കോ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഉക്രൈനിലെ യുദ്ധക്കളത്തിൽ റഷ്യയ്ക്ക് നഷ്ടമായത് ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടെ ജീവനാണ്. രാജ്യത്ത് രൂക്ഷമായ ഉദ്യോഗസ്ഥരുടെ ക്ഷാമം നികത്താനുള്ള ശ്രമത്തിന്റെ ഫലമായാണ് തടവിലാക്കപ്പെട്ട കള്ളന്മാരെയും കൊലയാളികളെയും മോചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ടുകൾ പ്രകാരം, വ്‌ളാഡിമിർ പുടിന്റെ അടുത്ത സഖ്യകക്ഷിയും വാഗ്‌നർ ഗ്രൂപ്പിന്റെ റിപ്പോർട്ട് തലവനുമായ യെവ്‌ജെനി പ്രിഗോജിൻ, തടവുകാരെ യുദ്ധത്തിനായി റിക്രൂട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച ചോദ്യമുയർന്നപ്പോൾ പ്രിഗോജിൻ ഇത് നിഷേധിച്ചതാണ്. കഴിഞ്ഞയാഴ്ച, തന്റെ ഗ്രൂപ്പിനൊപ്പം ആറ് മാസം സേവനം ചെയ്താൽ അവരെ മോചിപ്പിക്കുമെന്ന് തടവുകാരോട് പറയുന്ന പ്രിഗോജിനുമായി സാമ്യമുള്ള ഒരാളുടെ വീഡിയോ ചോർന്നിരുന്നു.
‘പ്രിഗോജിൻ വളരെ തിരക്കുള്ള ഷെഡ്യൂളിൽ ആയിരിക്കുമെന്ന് ഞാൻ കരുതി. കാരണം അദ്ദേഹം ഞങ്ങളോടും പറഞ്ഞത് അതാണ്. ആറുമാസം പോരാടിയാൽ ഞങ്ങൾ സ്വതന്ത്രരാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നാൽ, കുറച്ച് പേർ മടങ്ങിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രിഗോജിൻ വീണ്ടും വിളിക്കുകയാണെങ്കിൽ ഞാൻ ചേരും. ഇനി 11 വർഷം കൂടി എനിക്ക് ജയിലിൽ കിടക്കാനുണ്ട്. ഒന്നുകിൽ ഞാൻ ഈ കുഴിയിൽ മരിക്കും അല്ലെങ്കിൽ ഞാൻ അവിടെ മരിക്കും, അതിൽ കാര്യമില്ല. കുറഞ്ഞത് എന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാൻ എനിക്ക് അവസരം ലഭിക്കും’, മോസ്കോയിൽ നിന്ന് 300 മൈൽ തെക്ക് ടാംബോവ് മേഖലയിലെ പീനൽ കോളനി നമ്പർ 8 ലെ അന്തേവാസികളിൽ ഒരാളായ ഇവാൻ പറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
റഷ്യയിലെ വിവിധ പീനൽ കോളനികളിലുടനീളമുള്ള തടവുകാരുടെ കുടുംബാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയാണ് പ്രിഗോജിൻ യുദ്ധത്തിലേക്ക് ആളെ കൂട്ടുന്നതെന്നാണ് റിപ്പോർട്ട്. ഏകദേശം 120 അന്തേവാസികൾ ഉക്രൈനെതിരെ യുദ്ധം ചെയ്യാൻ സമ്മതമറിയിച്ചുവെന്നാണ് റിപ്പോർട്ട്. ഇവർക്ക് ഒരാഴ്ചത്തെ പരിശീലന കോഴ്സ് ഉണ്ടാകും. കോഴ്സ് പൂർത്തിയാക്കി യുദ്ധത്തിനായി തയ്യാറെടുക്കുന്ന തടവുകാർക്ക് ആറ് മാസത്തിന് ശേഷം രാഷ്ട്രപതി മാപ്പ് നൽകുമെന്നും പ്രതിമാസം 100,000 റൂബിൾ (£1,400) ശമ്പളവും വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്.
അതിനിടെ, റഷ്യ-ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ സംഭവവികാസത്തിൽ, ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിൽ യോഗം ചേർന്ന ലോക നേതാക്കൾ റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെ അപലപിച്ചു.
Post Your Comments