KeralaLatest NewsNews

80 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ്: പ്രതിയെ അറസ്റ്റ് ചെയ്ത് ജിഎസ്ടി വകുപ്പ്

തിരുവനന്തപുരം: ഇല്ലാത്ത ചരക്കുകൾ കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളും മറ്റു രേഖകളും സൃഷ്ടിച്ച് 80 കോടിയോളം രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ജിഎസ്ടി വകുപ്പാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ കോലൊളമ്പ ദേശത്ത് മഞ്ഞക്കാട് വീട്ടിൽ മോഹനകൃഷ്ണൻ മകൻ രാഹുലിനെയാണ് തൃശൂർ ജിഎസ്ടി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് ഓഫീസർ സി ജ്യോതിലക്ഷ്മിയും സംഘവും ഇന്ന് അറസ്റ്റ് ചെയ്തത്.

Read Also: അംഗീകാരമില്ലാത്ത ക്ഷേമസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല: ഓർഫനേജ് കൺട്രോൾ ബോർഡ്

കൊട്ടടയ്ക്കയുടെ വ്യാജ കച്ചവടത്തിന്റെ മറവിലാണ് പ്രതിയും സംഘവും ഭീമമായ നികുതി വെട്ടിപ്പ് നടത്തിയത്. നേരത്തെ, ഇതേ കേസിൽ മലപ്പുറം ജില്ലയിലെ അയിലക്കാട് സ്വദേശിയായ കൊളങ്ങരയിൽ വീട്ടിൽ ബാവ മകൻ ബനീഷിനെ കഴിഞ്ഞ ഡിസംബറിൽ ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസത്തോളം റിമാൻഡിൽ കഴിഞ്ഞ ഈ പ്രതി ഹൈക്കോടതിയിൽ നിന്നാണ് കർശന ഉപാധികളോടെ ജാമ്യം നേടിയത്. ബനീഷിനെ നികുതി വെട്ടിപ്പിന് സഹായിച്ച് ഇ-വേ ബില്ലുകളും വ്യാജ രേഖകളും എടുത്ത് കൊടുക്കുവാനും വ്യാജ രജിസ്ട്രേഷനുകൾ എടുത്ത് കൊടുത്ത് നികുതി വെട്ടിപ്പിന്റെ ശൃംഖല സൃഷ്ടിക്കാനും സഹായിച്ച് തട്ടിപ്പിൽ പങ്കാളിയായ വ്യക്തിയാണ് രാഹുൽ. കഴിഞ്ഞ ഡിസംബറിന് ശേഷം രാഹുൽ ഒളിവിലായിരുന്നു.

പലതവണ സമൻസ് കൊടുത്തിട്ടും അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാതിരുന്ന പ്രതിയെ തൃശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ സഹായത്തോടെ ജാമ്യമില്ലാ വാറൻഡിൽ കുരുക്കിയാണ് അന്വേഷണ സംഘം ചോദ്യംചെയ്ത് തെളിവെടുപ്പ് നടത്തിയത്. അന്വേഷണത്തിൽ, പ്രതിയായ രാഹുൽ ദുബായിൽ 7 മാസത്തോളം ഒളിവിൽ കഴിഞ്ഞതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. ഒളിവിൽ കഴിഞ്ഞിരുന്ന കാലയളവിൽ ഇയാളുമായി ഒന്നാം പ്രതിയായ ബനീഷ് നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായി ജിഎസ്ടി വകുപ്പിന് തെളിവ് ലഭിച്ചു. അടയ്ക്കയുടെ നികുതിവെട്ടിപ്പുമായി രാഹുലിന് അഭേദ്യമായ ബന്ധം ഉണ്ടെന്ന് കാണിക്കുന്ന നിരവധി സാക്ഷി മൊഴികളും രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിഎസ്ടി നിയമം 69-ാം വകുപ്പ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യാൻ സംസ്ഥാന ജിഎസ്ടി വകുപ്പ് കമ്മീഷണർ ഡോ രത്തൻ യൂ ഖേൽക്കർ അനുമതി നൽകിയത്.

Read Also: പെണ്ണേ നീ തീയെന്ന് ഉറക്കെ പ്രഖ്യാപിച്ച പ്രമുഖ സ്ത്രീപക്ഷവാദികളും സാംസ്കാരിക നായകരും ഇന്നെവിടെ ? അഞ്ജു പാർവതി പ്രഭീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button