ടെഹ്‌റാൻ: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സദാചാര പോലീസ് ആക്രമിച്ച മഹ്‌സ അമിനിയെന്ന 22 കാരിയുടെ മരണത്തിൽ ഇറാനിൽ രോഷം അണപൊട്ടി ഒഴുകുന്നു. മഹ്‌സയ്ക്ക് നേരെ ഉണ്ടായ കൊടുംപാതകത്തിൽ പ്രതിഷേധിച്ച് നിരവധി സ്ത്രീകൾ രംഗത്ത്. സ്ത്രീകൾ നിർബന്ധമായും മൂടുപടം ധരിക്കണമെന്ന നിയമത്തിനെതിരെ ഹിജാബ് കത്തിച്ചും മുടി മുറിച്ചും യുവതികൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. ഹിജാബ് ധരിക്കാത്തതിന് ഇറാൻ സദാചാര പോലീസ് #മഹ്സ_അമിനിയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇറാൻ സ്ത്രീകൾ മുടി മുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധിക്കുന്നതിന്റെ വീഡിയോ പെട്ടെന്നാണ് വൈറലായത്.
ഇറാനിയൻ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ മസിഹ് അലിനെജാദ്, തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ സ്ത്രീകളുടെ മുടി മുറിക്കുന്ന വീഡിയോ പങ്കുവെച്ചു. ഏഴു വയസ്സു മുതൽ മുടി മറച്ചില്ലെങ്കിൽ നമുക്ക് സ്‌കൂളിൽ പോകാനോ ജോലി നേടാനോ കഴിയില്ലെന്നും, ഈ ലിംഗ വർണ്ണവിവേചന ഭരണത്തിൽ തങ്ങൾ മടുത്തുവെന്നും അവർ വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. മറ്റൊരു ട്വീറ്റിൽ, ഒരു ഇറാനിയൻ പത്രപ്രവർത്തകൻ ടെഹ്‌റാൻ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പ്രതിഷേധവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സഗെസ് നഗരത്തിൽ പ്രതിഷേധിച്ചവർക്ക് നേരെ ഇന്നലെ സുരക്ഷാ സേന വെടിയുതിർത്തു.
പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്താനില്‍ നിന്ന് തലസ്ഥാനമായ ടെഹ്‌റാനിലേക്ക് കുടുംബത്തോടൊപ്പം വരികയായിരുന്ന 22 വയസ്സുള്ള മഹ്‌സ അമിനി എന്ന യുവതിയെയാണ് തല ശരിയായി മറച്ചില്ലെന്ന പേരില്‍ ചൊവ്വാഴ്ച പോലീസ് അറസ്റ്റു ചെയ്തത്. പോലീസ് വാനിനുള്ളില്‍ ഇവരെ മര്‍ദിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അറസ്റ്റുചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞ് മഹ്‌സ അമിനിയെ കസ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിൽ കഴിയവേ മരണപ്പെടുകയായിരുന്നു.
Post Your Comments