KeralaLatest NewsNews

അറബിക്കടലിന്‍റെ മനോഹാരിത ആസ്വദിക്കാം നെഫര്‍റ്റിറ്റിയിൽ

കൊച്ചി: ജലമാര്‍ഗ്ഗമുളള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും ചുവടുറപ്പിച്ച കേരള ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ.എസ്.ഐ.എന്‍.സി) ടൂറിസം മേഖലയില്‍ നെഫര്‍റ്റിറ്റി ക്രൂയിസിലൂടെ മുന്നേറുന്നു. 48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുളള നെഫര്‍റ്റിറ്റി എന്ന മിനി ക്രൂയിസ് ഷിപ്പില്‍ 200 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. മര്‍ച്ചന്‍റ് ഷിപ്പിംഗ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ഈ കപ്പലിൽ 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാള്‍, റെസ്റ്റോറന്‍റ്, കുട്ടികള്‍ക്കുളള കളിസ്ഥലം, സണ്‍ഡെക്ക്, ലോഞ്ച് ബാര്‍, 3ഡി തിയറ്റർ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്.

ചുരുങ്ങിയ ചെലവില്‍ അറബിക്കടലിന്‍റെ വശ്യമനോഹാരിത ആസ്വദിക്കുവാനുളള സുവര്‍ണ്ണാവസരം നെഫര്‍റ്റിറ്റി ഒരുക്കുന്നു. ബിസിനസ്സ് മീറ്റിംഗുകള്‍ക്കും, വിവാഹചടങ്ങുകള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും നെഫര്‍റ്റിറ്റി അനുയോജ്യമായ ഇടം നല്‍കുന്നു. കൂടാതെ വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫര്‍റ്റിറ്റി ഒരുക്കുന്നുണ്ട്.

2022 മെയ് മാസത്തില്‍ മാത്രമായി 32 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി ഒരു കോടി രൂപയോളം വരുമാനം നെഫര്‍റ്റിറ്റി നേടി. ഡോക്ടർമാരുടെ കോൺഫറൻസ് ഉൾപ്പെടെ നിരവധി വന്‍കിട കമ്പനികളുടെ മീറ്റിംഗുകളും നടന്നു. കോവിഡ് മഹാമാരിക്ക് മുന്‍പ് ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന സിനിമയുടെ പ്രൊമോഷനു വേണ്ടി സിനിമാതാരം മോഹന്‍ലാലും സംഘവും ക്രൂയിസ് നടത്തിയിരുന്നു.

കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് നടത്തിയ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമാണ് നെഫര്‍റ്റിറ്റി. രണ്ടു മാസത്തെ അറ്റകുറ്റ പണികൾ  പൂർത്തിയാക്കി നെഫർറ്റിറ്റി ഓഗസ്റ്റ് അവസാനത്തോടെ യാത്ര ആരംഭിച്ചിരുന്നു. കെ.എസ്.ഐ.എന്‍.സിയുടെ മാനേജിംഗ് ഡയറക്ടര്‍ ആർ. ഗിരിജയുടെ മേല്‍നോട്ടത്തിലാണ് നെഫര്‍റ്റിറ്റിയുടെ വിജയ കുതിപ്പ് തുടരുന്നത്.

നെഫര്‍റ്റിറ്റി യാത്രയ്ക്കുളള ടിക്കറ്റുകള്‍ ഓണ്‍ലൈനായി www.nefertiticruise.com എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ക്രൂയിസ് ബുക്കിംഗിനും സംശയ നിവാരണങ്ങള്‍ക്കും 9744601234/9846211144 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button