ന്യൂഡല്‍ഹി: ചണ്ഡീഗഢ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ നിന്നുള്ള കുളിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. സര്‍വകലാശാലയിലെ വിദ്യാർത്ഥിനിയെയും ഇവരുടെ കാമുകനെയും സുഹൃത്തിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹിമാചൽ പ്രദേശ് പോലീസാണ് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ 23-കാരനെയും മറ്റൊരു യുവാവിനെയും പിടികൂടിയത്. പഞ്ചാബ് പോലീസിന്റെ നിർദേശ പ്രകാരമാണ് ഈ നീക്കം.
പിടിയിലായ 23-കാരന് ഹിമാചലിലെ രൊഹ്റു സ്വദേശിയാണ്. ഹോസ്റ്റല്‍ കുളിമുറിയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനി ഇയാള്‍ക്ക് അയച്ചു നല്‍കിയെന്നാണ് ആരോപണം. സർവകലാശാല തൽക്കാലത്തേക്ക് അടച്ചിട്ടു. ശനിയാഴ്ച വരെയാണ് അവധി. ഇതിനിടെ വീഡിയോകൾ ചോർന്ന സംഭവത്തിൽ കുറ്റം ചെയ്തവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ ഹോസ്റ്റൽ വാർഡൻ രാജ്വീന്ദർ കൗറിനെ ചണ്ഡീഗഡ് സർവകലാശാല ഭരണകൂടം സസ്പെൻഡ് ചെയ്തു.
സർവ്വകലാശാലയ്ക്ക് പുറത്തുള്ള പുരുഷന്മാർക്ക് വീഡിയോ അയച്ചുവെന്ന് ആരോപിക്കപ്പെടുന്ന അറസ്റ്റിലായ പെൺകുട്ടിയെ ചോദ്യം ചെയ്ത് വരികയാണ്. വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം ഹോസ്റ്റലുകളുടെ സമയക്രമത്തിലും മാറ്റംവരുത്തിയിട്ടുണ്ട്. മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. പെൺകുട്ടിയുടെ ഫോണിൽ നിന്നും ആകെ നാല് വീഡിയോകളാണ് കണ്ടെടുത്തതെന്നും ഇതെല്ലാം പ്രതിയുടെ സ്വന്തം വീഡിയോ ആണെന്നും പഞ്ചാബ് പോലീസ് പ്രതികരിച്ചു.
Post Your Comments