മുംബൈ: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലെ ആദ്യ ജയം വീരേന്ദര്‍ സെവാഗിന്റെ ഗുജറാത്ത് ജയന്റ്സിന്. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ജയന്റ്സ് ഇന്ത്യ കാപിറ്റല്‍സിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ഗുജറാത്ത് ക്യാപ്റ്റന്‍ സെവാഗ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്വസ് കാലിസ് നയിച്ച ഇന്ത്യ കാപിറ്റല്‍സിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
ആഷ്ലി നേഴ്സിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ ഇന്ത്യ കാപിറ്റല്‍സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നായകൻ വീരേന്ദര്‍ സെവാഗ്(6) നിരാശപ്പെടുത്തിയപ്പോൾ അയര്‍ലന്‍ഡ് താരം കെവിന് ഒബ്രിയാന്റെ (106) സെഞ്ചുറിയാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. പാര്‍ത്ഥിവ് പട്ടേല്‍(24), യശ്പാല്‍ സിംഗ്(21) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
സെവാഗ് മിച്ചല്‍ ജോണ്‍സണിന്റെ പന്തിലാണ് പുറത്താവുന്നത്. തിസാര പെരേര(1), എല്‍ട്ടണ്‍ ചിഗുംബുര(3), റയാദ് എംറിറ്റ്(0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. റിച്ചാര്‍ഡ് ലെവി(0), മിച്ചല്‍ മക്ക്ലെനാഘന്(0) എന്നിവര്‍ പുറത്താവാതെ നിന്നു. 61 പന്തില്‍ നിന്നാണ് ഒബ്രിയാന്റെ (106) തകർപ്പൻ സെഞ്ച്വറി. ഇതില്‍ 15 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടും.
Read Also:- സന്ധികളുടെ ആരോഗ്യത്തിന് എല്ലിൻ സൂപ്പ്!
പ്രവീണ്‍ താംബെ കാപിറ്റല്‍സിനായി മൂന്നും ലിയാം പ്ലങ്കറ്റ് രണ്ടും വിക്കറ്റ് നേടി. നേരത്തെ മുന്‍ വിന്‍ഡീസ് താരം ആഷ്ലി നേഴ്സ് പുറത്താവാതെ നേടിയ സെഞ്ച്വറിയാണ് (103) കാപിറ്റല്‍സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 43 പന്തില്‍ എട്ട് ഫോറും ഒമ്പത് സിക്സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ദനേഷ് രാംദിന് (31) മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു താരം.
Post Your Comments