തിരുവനന്തപുരം: ഭരണത്തിലിരിക്കുന്നവരുടെ ആശ്രിതരും അവരുടെ ബന്ധുക്കളും അനുഭവിക്കുന്ന സ്പെഷ്യല്‍ പ്രിവിലേജിനെ തുറന്ന് കാട്ടുകയാണ് അഞ്ജു പാര്‍വതി. ഈ നെറികെട്ട ഭരണകാലത്ത് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ നിയമങ്ങളെ കാറ്റില്‍പ്പറത്തി അര്മാദിക്കുന്നത് പല വട്ടം അധികാരികള്‍ കണ്ടിട്ടും അറിഞ്ഞിട്ടില്ലെന്ന ഭാവം നടിക്കുകയാണ്. എന്റെ അദ്ധ്യാപികയായ പൂര്‍ണ്ണിമ ടീച്ചര്‍ അത്തരത്തിലൊരു വിവാദത്തില്‍പ്പെട്ടത് മുമ്പും വാര്‍ത്തയായിരുന്നു. അതേക്കുറിച്ച് ഒരിക്കല്‍ എഴുതിയതുമാണ്. വീണ്ടുമൊരിക്കല്‍ കൂടി ടീച്ചര്‍ അനുഭവിക്കുന്ന സ്പെഷ്യല്‍ പ്രിവിലേജിനെ കുറിച്ച് എഴുതേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. പക്ഷെ എഴുതാതെ വയ്യാ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ഈ നെറികെട്ട ഭരണകാലത്ത് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ നിയമങ്ങളെ കാറ്റില്‍പ്പറത്തി അര്മാദിക്കുന്നത് പല വട്ടം വാര്‍ത്തകളിലൂടെ കണ്ടും കേട്ടും അറിഞ്ഞതാണ്. എന്റെ അദ്ധ്യാപികയായ പൂര്‍ണ്ണിമ ടീച്ചര്‍ അത്തരത്തിലൊരു വിവാദത്തില്‍പ്പെട്ടത് മുമ്പും വാര്‍ത്തയായിരുന്നു. അതേക്കുറിച്ച് ഒരിക്കല്‍ എഴുതിയതുമാണ്. വീണ്ടുമൊരിക്കല്‍ കൂടി ടീച്ചര്‍ അനുഭവിക്കുന്ന സ്പെഷ്യല്‍ പ്രിവിലേജിനെ കുറിച്ച് എഴുതേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. പക്ഷെ എഴുതാതെ വയ്യാ’.
‘മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോള്‍ സി എം ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുമായ ആര് മോഹനന്റെ ഭാര്യയായതിനാല്‍ മാത്രം നല്കപ്പെട്ടിരിക്കുന്ന സ്പെഷ്യല്‍ പ്രിവിലേജ് ഒരിക്കല്‍ ടീച്ചറുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദമായതാണ്. ഇപ്പോഴിതാ സര്‍ക്കാര്‍ ഔദ്യോഗിക വാഹനം സ്വന്തം തൊഴില്‍ താല്പര്യാര്ത്ഥം ദുരുപയോഗം ചെയ്തതിന് അവര്‍ വീണ്ടും വാര്‍ത്തകളിലിടം നേടുന്നു. ടീച്ചറുടെ ഭര്‍ത്താവ് ആര് മോഹന്‍ സര്‍ക്കാര്‍ അനുവദിച്ച് നല്കിയ വാഹനത്തിലാണ് വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ നിന്നും ടീച്ചര്‍ വഞ്ചിയൂര്‍ ഉളള ശ്രീശങ്കരാചാര്യ സംസ്കൃത പ്രാദേശിക കേന്ദ്രത്തില്‍ വരുന്നതും പോകുന്നതും. സ്പെഷ്യല്‍ വാര്‍ത്ത പുറത്തുകൊണ്ടു വന്നിരിക്കുന്നത് ഏഷ്യാനെറ്റാണ്’.
‘കേരള യൂണിവേഴ്സിറ്റിയില്‍ മലയാളം മഹാ നിഘണ്ടുവിഭാഗം അധ്യക്ഷയായി നിയമിച്ചതും പിന്നീട് ആ നിയമനം ഗവര്‍ണ്ണര്‍ ഇടപെട്ട് മാറ്റിയതും ഇതേ പൂര്‍ണ്ണിമ ടീച്ചറെ തന്നെയായിരുന്നു.
കാലടി സര്‍വ്വകലാശാലയിലെ സംസ്കൃതം അധ്യാപികയായ ഡോ. പൂര്‍ണ്ണിമ മോഹന്‍ തിരുവനന്തപുരം സംസ്കൃത സര്‍വ്വകലാശാല പ്രാദേശിക കേന്ദ്രത്തില്‍ എന്റെ അദ്ധ്യാപികയായിരുന്നു. അന്നവര്‍ ഞങ്ങള്‍ക്ക് ക്ലാസ്സെടുത്തിരുന്നത് phonetics ആയിരുന്നു. മലയാളം ഒട്ടുമേ സംസാരിക്കാനറിയാത്ത പൂര്‍ണ്ണിമ ടീച്ചര്‍ സംസ്കൃതം phonetics ക്ലാസ്സെടുത്തിരുന്നത് ഇംഗ്ലീഷിലും തമിഴ് കലര്‍ന്ന ഉച്ചാരണ ശുദ്ധി ഒട്ടുമില്ലാത്ത മലയാളത്തിലുമായിരുന്നു.
ടീച്ചറിന്റെ കൗതുകം തോന്നുന്ന മലയാളം ഉച്ചാരണവും സംസാരവും തന്നെയായിരുന്നു അവരെ അന്ന് മറ്റ് അദ്ധ്യാപകരില്‍ നിന്നും വ്യത്യസ്തയാക്കിയിരുന്നതും. നിത്യസംഭാഷണത്തില്‍ നമ്മള് പറയുന്ന പല വാചകങ്ങളും വാക്കുകളും ടീച്ചര്‍ക്ക് മനസ്സിലാക്കാനേ കഴിയുമായിരുന്നില്ല. പിന്നീട് ഞാന്‍ അദ്ധ്യാപികയായപ്പോള്‍ ടീച്ചറുടെ മകനെ ഞങ്ങളുടെ സന്ദീപനി സ്കൂളില്‍ ടീച്ചര്‍ ചേര്‍ത്തു. അന്നും ടീച്ചര്‍ക്കും മോനും മലയാളഭാഷ അന്യം തന്നെയായിരുന്നു. ആ പൂര്‍ണ്ണിമാ മോഹനാണ് കേരള യൂണിവേഴ്സിറ്റിയില്‍ മലയാളം മഹാ നിഘണ്ടുവിഭാഗം അധ്യക്ഷയായി നിയമിക്കപ്പെട്ടത് എന്നറിഞ്ഞപ്പോള്‍ ഞാനടക്കമുള്ള ടീച്ചറുടെ വിദ്യാര്‍ത്ഥികളെല്ലാം അന്ന് ഞെട്ടിപ്പോയിരുന്നു. സാധാരണ നമുക്ക് പ്രിയപ്പെട്ട ഒരദ്ധ്യാപിക ഇത്തരം ഉയര്‍ന്ന സ്ഥാനത്ത് എത്തുമ്പോള്‍ അഭിമാനവും സന്തോഷവും തോന്നേണ്ടതാണ്. പക്ഷേ അന്ന് തോന്നിയത് അമര്‍ഷവും ഞെട്ടലുമായിരുന്നു. സര്‍വ്വകലാശാല ഓര്‍ഡിനന്‍സ് അനുസരിച്ച് മലയാളത്തിലെ മഹാനിഘണ്ടു എഡിറ്റര്‍ക്ക് വേണ്ട യോഗ്യത മലയാളഭാഷയില്‍ ഉന്നതപ്രാവീണ്യവും ഗവേഷണബിരുദവും പത്തുവര്‍ഷത്തെ മലയാള അധ്യാപന പരിചയവുമാണ്. ഈ ഓര്‍ഡിനന്‍സ് തിരുത്തിയാണ് സംസ്കൃത ഭാഷയില്‍ ഗവേഷണ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന ഉത്തരവിറക്കിയത്. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മലയാളം നേരെ സംസാരിക്കാന്‍ പോലും കഴിയാത്ത ഒരാള്‍ക്ക് ആ തസ്തിക നല്കിയെന്നറിയുമ്പോഴാണ് ഇവിടുത്തെ സിസ്റ്റം എത്രമാത്രം കറപ്റ്റഡും സ്വജനപക്ഷപാതപരമാണെന്നും ബോധ്യമാവുന്നത്’.
‘ഇംഗ്ലീഷ് , മലയാളം, സംസ്കൃതം തുങ്ങിയ മൂന്ന് ഭാഷകളില്‍ ബിരുദാനന്തര ബിരുദമുണ്ടായിരുന്ന ശ്രീ. ശൂരനാട് കുഞ്ഞന്‍ പിള്ളയെ പോലുള്ള മഹാരഥന്മാര് അലങ്കരിച്ച സ്ഥാനത്താണ് തമിഴ് മാതൃഭാഷക്കാരിയായ സ്കൂള്‍ തലം മുതല്‍ ഒന്നാം ഭാഷയായി മലയാളം പഠിച്ചിട്ടില്ലാത്ത, മലയാളം നേരെ ചൊവ്വേ സംസാരിക്കനറിയാത്ത സംസ്കൃത അദ്ധ്യാപികയായ ഡോ. പൂര്‍ണ്ണിമ മോഹന്‍ അന്ന് നിയമിക്കപ്പെട്ടത്. ഇപ്പോഴിതാ അതേ വിവാദ അദ്ധ്യാപിക സര്‍ക്കാര്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളിലിടം നേടുന്നു.
ഒരാളുടെ സ്വകാര്യതയില്‍, അല്ലെങ്കില്‍ യാത്രാ സ്വാതന്ത്ര്യ ‘ത്തില്‍ മാപ്രകള്‍ക്ക് എന്ത് കാര്യമെന്ന ചോദ്യം വന്നേക്കാം. രണ്ടു ലക്ഷം രൂപ ശമ്പളമുള്ള ഒരു പ്രൊഫസര്‍ സ്വന്തം കാറില്‍ വന്നുപോകുന്നതിനെ കുറിച്ച് കവര്‍ സ്റ്റോറി വന്നാല്‍ അത് സ്വകാര്യതയിലുള്ള കടന്നുകയറ്റമെന്നു പറയാം. പക്ഷേ ഇവിടെ ഭര്‍ത്താവിന് സര്‍ക്കാര്‍ അനുവദിച്ച വാഹനം അതും കേരളസര്‍ക്കാര്‍ എന്ന ബോര്‍ഡ് വച്ച ഔദ്യോഗിക വാഹനം തീര്‍ത്തും സ്വകാര്യമായ ആവശ്യത്തിന് ഭാര്യയോ മക്കളോ ഉപയോഗിച്ചാല്‍ അത് നിയമവിരുദ്ധം തന്നെയാണ്. പാവപ്പെട്ടവരുടെ നികുതിപ്പണത്തിന്റെ ഭാഗമാണ് സര്‍ക്കാര്‍ വാഹനങ്ങള്‍. അത് ഉപയോഗിക്കേണ്ടത് സര്‍ക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കാണ്; അല്ലാതെ സ്വന്തം കുടുംബത്തിലെ ആളുകളുടെ ആവശ്യത്തിനല്ലാ’.
‘കാട്ടിലെ തടി; തേവരുടെ ആന
അപ്പൊ പിന്നെ വലിയെടാ വലി!’
Post Your Comments