Latest NewsKeralaNews

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല സംഘം വിദേശത്തേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ട് ഒക്ടോബർ ഒന്ന് മുതൽ 14 വരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം യൂറോപ്പ് സന്ദർശിക്കും. ഫിൻലാൻഡ്, നോർവേ, ഇംഗ്ലണ്ട് (ലണ്ടൻ), ഫ്രാൻസ് (പാരീസ്) തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പര്യടനം.

Read Also: ഓണാഘോഷ സ്ഥലത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യംചെയ്ത യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവം : മൂന്നുപേർ പിടിയിൽ

കേരളവും ഫിൻലാൻഡും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കുന്നതിനുമാണ് മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അടങ്ങുന്ന സംഘം ഫിൻലാൻഡ് സന്ദർശിക്കുന്നത്. കൂടാതെ അവിടെയുള്ള പ്രമുഖ ബഹുരാഷ്ട്ര കമ്പനികൾ സന്ദർശിച്ച് കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരാനുള്ള സാധ്യതകൾ ആരായുംകയും ചെയ്യും.

പ്രമുഖ മൊബൈൽ നിർമ്മാണ കമ്പനിയായ നോക്കിയയുടെ എക്സിക്യൂട്ടീവ് എക്സ്പീരിയൻസ് സെന്റർ സന്ദർശനം, ഫിൻലാൻഡിലെ വിവിധ ഐ ടി കമ്പനികളുമായി ചർച്ച, ടൂറിസം മേഖലയിലെയും ആയുർവേദ രംഗത്തെയും സഹകരണം ആസൂത്രണം ചെയ്യൽ എന്നിങ്ങനെ വിവിധ കൂടിക്കാഴ്ചകളുണ്ട്.

മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുകയാണ് നോർവെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നോർവീജിയൻ ജിയോടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് കേരളത്തിൽ വർദ്ധിച്ചു വരുന്ന ഉരുൾപൊട്ടൽ ഉൾപ്പെടെയുളള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതിക വിദ്യകൾ പരിശോധിക്കും.

ഇംഗ്ലണ്ടും വെയ്ൽസുമാണ് സന്ദർശിക്കുന്ന മറ്റ് രണ്ടിടങ്ങൾ. വെയിൽസിലെ ആരോഗ്യമേഖല ഉൾപ്പെടെയുളള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി അവിടത്തെ ഫസ്റ്റ് മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മൂന്നാം ലോകകേരളസഭയുടെ തുടർച്ചയായി ലണ്ടനിൽ വെച്ച് ഒരു പ്രാദേശിക യോഗം സംഘടിപ്പിക്കുന്നുണ്ട്. ഒരുദിവസം നീളുന്ന യോഗത്തിൽ 150 ഓളം പ്രവാസികൾ പങ്കെടുക്കും. കേരളത്തിൽ ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യു.കെയിലെ വിവിധ യൂണിവേഴ്സിറ്റികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സന്ദർശിക്കാനും ഉദ്ദേശ്യമുണ്ട്.

വ്യവസായ മന്ത്രി പി രാജീവ് നോർവെ, യു.കെ സന്ദർശന സമയത്തുണ്ടാകും. ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നോർവയിലും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് യുകെയിലും അനുഗമിക്കുന്നുണ്ട്. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘമാണ് പാരീസ് സന്ദർശിക്കുന്നത്. അടുത്തയാഴ്ച നടക്കുന്ന ടൂറിസം മേളയിൽ പങ്കെടുക്കാനാണ് യാത്ര. സെപ്തംബർ 19 ലെ ഫ്രഞ്ച് ട്രാവൽ മാർക്കറ്റിലും സംഘം പങ്കെടുക്കും.

Read Also: നിങ്ങളുടെ ഊർജ്ജവും സന്തോഷവും മെച്ചപ്പെടുത്താൻ വീടിനുള്ളിൽ സ്ഥാപിക്കാവുന്ന 4 ചെടികൾ ഇതാ

shortlink

Related Articles

Post Your Comments

Related Articles


Back to top button