മോസ്‌കോ : നിഗൂഡത ഇരട്ടിയാക്കി റഷ്യയില്‍ ദുരൂഹ മരണങ്ങള്‍ കൂടുന്നു. വീണ്ടും കോടീശ്വരനായ ഒരു വ്യവസായി കൂടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കോര്‍പ്പറേഷന്‍ ഫോര്‍ ദ ഡെവലപ്പ്‌മെന്റ് ഒഫ് ദ ഫാര്‍ ഈസ്റ്റ് ആന്‍ഡ് ആര്‍ട്ടികിന്റെ ഏവിയേഷന്‍ വിഭാഗത്തിന്റെ മാനേജിംഗ് ഡയറക്ടറും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ അനുയായിയുമായിരുന്ന ഇവാന്‍ പെകോറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 39 വയസായിരുന്നു.
Read Also: സൗദി അരാംകൊ നേരിട്ടുന്ന ഏറ്റവും വലിയ ഭീഷണി സൈബർ ആക്രമണങ്ങൾ: അരാംകൊ സിഇഒ
ശനിയാഴ്ചയായിരുന്നു മരണം എന്നാണ് റിപ്പോര്‍ട്ട്. പസഫിക് തീരത്ത് വ്‌ളാഡിവൊസ്റ്റോകിലെ കേപ് ഇഗ്നയേവിന് സമീപം ആഡംബര നൗകയില്‍ നിന്ന് വീണ് മുങ്ങി മരിച്ചെന്നാണ് വിവരം. ജനുവരി മുതല്‍ റഷ്യയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതെന്ന് കരുതുന്ന 9-ാമത്തെ മുന്‍നിര ബിസിനസുകാരനാണ് ഇവാന്‍. ഇതില്‍ ആറ് പേര്‍ റഷ്യയിലെ രണ്ട് ഭീമന്‍ ഊര്‍ജ കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു.
നാല് പേര്‍ റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്യാസ്‌പ്രോമുമായി ബന്ധമുള്ളവരും രണ്ട് പേര്‍ റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണ, വാതക കമ്പനിയായ ലൂക്കോയിലില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. എല്ലാവരും കോടികള്‍ ആസ്തിയുള്ളവരുമാണ്. മാത്രമല്ല, ഇതില്‍ ആറ് പേര്‍ പുടിന്റെ അടുത്ത അനുയായികളുമായിരുന്നു.
സെപ്തംബര്‍ 1നാണ് ലൂക്കോയിലിന്റെ ചെയര്‍മാന്‍ റാവില്‍ മാഗനോവ് ( 67 ) ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഹൃദയ സംബന്ധമായ രോഗത്തിന് മോസ്‌കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മാഗനോവ് ആശുപത്രിയിലെ ആറാം നിലയിലെ ജനാല വഴി പുറത്തേക്ക് വീണാണ് മരിച്ചത്. ഇത് ആത്മഹത്യയാകാമെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം, യുക്രെയിന്‍ അധിനിവേശ പശ്ചാത്തലത്തില്‍ റഷ്യന്‍ കോടീശ്വരന്‍മാരുടെ ദുരൂഹ മരണങ്ങള്‍ ആഗോള തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. എല്ലാ മരണങ്ങളും ആത്മഹത്യയോ അപകടമോ ആണെന്നാണ് അധികൃതര്‍ പറയുന്നത്. ഇതില്‍ മൂന്ന് പേരുടെ കുടുംബത്തെയും അവര്‍ക്കൊപ്പം മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം മൂവരും ആത്മഹത്യ ചെയ്‌തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
മരിച്ചവര്‍ക്കാര്‍ക്കും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു എന്നാണ് അടുപ്പമുള്ളവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണങ്ങളെ പറ്റി റഷ്യയ്ക്കുള്ളില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments