തിരുവനന്തപുരം: ഇന്തോനേഷ്യയിൽ അടുത്ത മാസം നടക്കുന്ന അന്താരാഷ്ട്ര ഇന്ധനക്ഷമത വാഹന രൂപകൽപ്പനാ മത്സരത്തിൽ (ഷെൽ ഇക്കോ മാരത്തൺ) പങ്കെടുക്കുന്ന ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളേജിലെ ‘പ്രവേഗ’ ടീമിന് അനുമോദനവും ധനസഹായവും. ദക്ഷിണേന്ത്യയിൽ നിന്നും ഈ നേട്ടം കൈവരിച്ച ഏക ടീമായ പ്രവേഗ ടീമംഗങ്ങളെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അനുമോദിച്ചു. ഇന്തോനേഷ്യൻ സർക്ക്യൂട്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട, വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത ഇലക്ട്രിക് വാഹനം പുറത്തിറക്കിയ മന്ത്രി അസാപിന്റെ വകയായി രണ്ട് ലക്ഷം രൂപയുടെ ധനസഹായവും കൈമാറി.
Read Also: പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കോടികളുടെ മയക്കുമരുന്ന് ഒഴുകുന്നു
അന്താരാഷ്ട്ര തലത്തിൽ വിദ്യാർത്ഥികളുടെ സംരംഭ ശേഷി തെരഞ്ഞെടുക്കപ്പെട്ടത് മാതൃകാപരമായ കാര്യമാണെന്ന് മന്ത്രി പ്രശംസിച്ചു. കേരളത്തിൽ വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. യുവാക്കളുടെ സംരംഭകത്വ ശേഷിയും നൂതനാശയങ്ങളോടുള്ള താൽപ്പര്യങ്ങളും സംയോജിപ്പിച്ച് കൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നേറുന്നത്. ഇതിന്റെ ഭാഗമായി 133 തൊഴിൽ നൈപുണ്യ പരിശീലന കോഴ്സുകളാണ് അസാപ് നൽകി വരുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇൻകുബേഷൻ സെൽ, ട്രാൻസ്ലേഷനൽ ഗവേഷണം എന്നിവയ്ക്ക് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നത്.
കല്യാണി എസ് കുമാർ നേതൃത്വം നൽകുന്ന പ്രവേഗ സംഘത്തിലെ 13 മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥികളാണ് ഇന്തോനേഷ്യയിലേക്ക് യാത്രയാവുക. ഡോ. അനീഷ് കെ ജോൺ ആണ് ടീമിന്റെ ഫാക്കൽറ്റി അഡൈ്വസർ.
ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ, അസാപ് സി.എം.ഡി ഉഷ ടൈറ്റസ്, ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ബിജുലാൽ ഡി, വാർഡ് കൗൺസിലർ മേരി പുഷ്പം, ഡീൻ ഡോ. ഷംന. എച്ച്.ആർ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments