തിരുവനന്തപുരം: മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോർജ്. എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയിൽ മാതാപിതാക്കളുടെ മരണത്തെത്തുടർന്ന് അനാഥരായ മൂന്ന് കുട്ടികൾക്കാണ് വീണാ ജോർജ് കൈത്താങ്ങായത്. കുട്ടികളുടെ സംരക്ഷണത്തിന് വനിത ശിശുവികസന വകുപ്പ് ഓരോ കുട്ടിയ്ക്കും പ്രതിമാസം 2000 രൂപ വീതം നൽകാൻ തീരുമാനിച്ചു.
മാതാപിതാക്കളുടെ മരണത്തോടെ അനാഥമായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അമ്മയുടെ മാതാപിതാക്കൾ കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചു. തുടർന്നാണ് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചത്.
എട്ടും അഞ്ചും രണ്ടും ക്ലാസുകളിലായി പഠിക്കുന്ന കുട്ടികളാണ് മാതാപിതാക്കളുടെ വേർപാടിനെ തുടർന്ന് അനാഥരായത്. 14 വർഷം മുമ്പാണ് മാതാപിതാക്കളായ ഇവർ തൊഴിലിടങ്ങളിൽ പരിചയപ്പെട്ട് വിവാഹിതരായത്. മാതാപിതാക്കളുടെ വേർപാടിനെ തുടർന്ന് കുട്ടികൾ അനാഥമായ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി നടപടി സ്വീകരിച്ചത്. മന്ത്രി വീണാ ജോർജ് കുട്ടികളുടെ മുത്തച്ഛനെ വിളിച്ച് സാന്ത്വനിപ്പിക്കുകയും കുട്ടികളുടെ വിവരം അന്വേഷിക്കുകയും ചെയ്തു.
Post Your Comments