കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. എ എൻ ഷംസീറിനു അനുമോദനവുമായി മുൻ സ്പീക്കർ എം ബി രാജേഷ്. കേരള നിയമസഭയുടെ അധ്യക്ഷനെന്ന നിലയിൽ തിളക്കമാർന്ന ഒരധ്യായം എഴുതിച്ചേർക്കാൻ ഷംസീറിന് കഴിയട്ടെയെന്ന് രാജേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ആശംസ കുറിപ്പിൽ പറഞ്ഞു.
read also: മയക്കുമരുന്നിന് അടിമയായ യുവതി നടക്കാനാകാതെ വീണ് പോകുന്ന ദൃശ്യങ്ങള് വ്യാപകമായി പ്രചരിക്കുന്നു
കുറിപ്പ്
കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. എ എൻ ഷംസീറിനെ അതിയായ സന്തോഷത്തോടെ അഭിനന്ദിക്കുന്നു. വിദ്യാർഥിപ്രസ്ഥാനത്തിന്റെ കാലം മുതൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം ശ്രീ. ഷംസീറിനൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവങ്ങളും ഓർമകളും എനിക്കുണ്ട്. അതിന്റെയടിസ്ഥാനത്തിൽ പുതിയ ഉത്തരവാദിത്തം ചുമതലാബോധത്തോടെ, ഭംഗിയായി, നീതിപൂർവം നിർവഹിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് നിസ്സംശയം പറയാൻ കഴിയും.
ഏറ്റെടുക്കുന്ന ഏതു ചുമതലയും തികഞ്ഞ പ്രതിബദ്ധതയും ആത്മാർത്ഥതയും പരമാവധി നീതിയും പുലർത്തി നിറവേറ്റുകയെന്നത് അദ്ദേഹത്തിന്റെ ഒരു സവിശേഷതയാണ്. പുതിയ ചുമതല ഭംഗിയായി നിറവേറ്റാൻ ആവശ്യമായ രാഷ്ട്രീയ വിവേകവും പൊതുപ്രവർത്തകനെന്ന നിലയിലും സാമാജികനെന്ന നിലയിലുമുള്ള അനുഭവവും സർവോപരി പ്രത്യുൽപന്നമതിത്വവും അദ്ദേഹത്തിനുണ്ട്. അതിനാൽ ശ്രീ. ഷംസീർ മികച്ച സ്പീക്കർ ആകുമെന്നതിൽ ഒട്ടും സംശയമില്ല.
ഇന്ത്യയിലെ ഉന്നതനിലവാരം പുലർത്തുന്ന നിയമസഭയാണ് കേരള നിയമസഭ. ഏറ്റവും കൂടുതൽ ദിവസം, ഏറ്റവും ജനാധിപത്യപരമായി സമ്മേളിക്കുന്ന സഭ കൂടിയാണിത്. ഇന്ത്യൻ പാർലമെന്റിൽ കേവലം 13 ശതമാനം ബില്ലുകൾ മാത്രം സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് വിടുമ്പോൾ മുഴുവൻ ബില്ലുകളും സബ്ജക്ട് കമ്മിറ്റികളുടെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്ന നിയമസഭയാണ് നമ്മുടേത് എന്നത് ഏറ്റവും ജനാധിപത്യപരമായി ഈ സഭ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ്. നിയമനിർമാണത്തിലെ അവധാനത, ഒപ്പം അംഗങ്ങളുടെ ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷണം എന്നിവ നമ്മുടെ സഭയുടെ സവിശേഷതകളാണ്. എല്ലാ ദിവസവും അടിയന്തിര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുന്ന രീതി പാർലമെന്റിൽ പോലുമില്ല. ഈ ഉന്നതമായ പാരമ്പര്യം ശ്രീ. ഷംസീറിന് ഉയർത്തിപ്പിടിക്കാൻ കഴിയും. കക്ഷിരാഷ്ട്രീയത്തിന് അതീതമായ അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും സഭയുടെ നടത്തിപ്പിന് മുതൽക്കൂട്ടാകും. കേരള നിയമസഭയുടെ അധ്യക്ഷനെന്ന നിലയിൽ തിളക്കമാർന്ന ഒരധ്യായം എഴുതിച്ചേർക്കാൻ ശ്രീ. ഷംസീറിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.
Post Your Comments