കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനികളായ പി. ഗോപിനാഥൻ നായരുടെയും കെ ഇ മാമന്റെയും നെയ്യാറ്റിൻകരയിലെ സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യാമെന്നേറ്റശേഷം പിന്മാറിയ രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരുഭാഗത്ത് സ്വാതന്ത്ര്യസമര സേനാനികളെ അവഹേളിക്കുമ്പോൾ മറുഭാഗത്ത് രാജ്യദ്രോഹക്കേസുകളിൽ പ്രതിചേർക്കപ്പെട്ടവരെ സന്ദർശിക്കാനും അവരുമായി സംസാരിക്കാനും രാഹുൽ സമയം കണ്ടെത്തുകയാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ജവഹർലാൽ നെഹറുവിന് മുൻപ് കോൺഗ്രസ് അദ്ധ്യക്ഷനായ ചേറ്റൂർ ശങ്കരൻ നായർക്ക് പ്രതിമ പോലും സ്ഥാപിക്കാൻ കോൺഗ്രസ് ശ്രമിച്ചില്ല. ഒറ്റപ്പാലത്ത് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെ അവസ്ഥ ദയനീയമാണ്. ഈ നാട്ടിന്റെ പാരമ്പര്യത്തോടോ ദേശീയതയോടോ രാഹുലിന് ഒരു മതിപ്പുമില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ജീവിതം മുഴുവൻ കോൺഗ്രസിന് വേണ്ടി യത്നിച്ച തല മുതിർന്ന നേതാക്കളൊക്കെ രാഹുലിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. രാഹുൽ അപക്വമതിയും ധിക്കാരിയുമാണെന്ന് പറഞ്ഞത് ബിജെപിയല്ല, മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നും അദ്ദേഹം അറിയിച്ചു.
Read Also: നെറ്റ്ഫ്ളിക്സിനെതിരെ ഗുരുതര ആരോപണവുമായി തല്ലുമാല അണിയറ പ്രവര്‍ത്തകര്‍
ലോകത്തെ മിക്ക വിപ്ലവങ്ങളും രാഷ്ട്രീയ മാറ്റങ്ങളും കുടുബാധിപത്യത്തിനും കുടുംബവാഴ്ചക്കും എതിരായിരുന്നു. എന്നാൽ കോൺഗ്രസ് അന്നും ഇന്നും കുടുംബാധിപത്യത്തിന് വേണ്ടി നിലകൊള്ളുകയാണ്. ഇന്ത്യയെ ഒന്നിപ്പിക്കാൻ യാത്ര നടത്തുന്ന രാഹുൽ ഇന്ത്യയെ വെട്ടിമുറിപ്പിച്ചതാരാണാണെന്ന് പറയണം. ഇന്ത്യയെ വെട്ടിമുറിക്കാനുള്ള മനഃ സ്ഥിതിയുമായി നടക്കുന്നവരെ തുറന്നു കാണിക്കണം. മതഭീകരതയ്ക്കും വിഘടനവാദത്തിനുമെതിരെ എത്ര തവണ രാഹുൽ ശബ്ദിച്ചിട്ടുണ്ടെന്ന് സുരേന്ദ്രൻ ചോദിച്ചു.
യഥാർത്ഥ കോൺഗ്രസ് 1969ൽ വേറെ പോയി. അന്നു കൂടെ നിന്നവർ പോലും 78ൽ പോയി. ഇപ്പോഴുള്ളത് കുടുംബ പാർട്ടിയാണ്. ഇവിടെ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്യവുമില്ല. കുടുംബാധിപത്യപാർട്ടിയെ ഇന്ത്യയിൽ നിന്ന് കെട്ടിക്കലാണ് ഇനി ചെയ്യേണ്ടത്. വലിയ കൊട്ടിഘോഷമൊന്നുമില്ലാതെ ഇന്ത്യൻ ജനത ആ ദൗത്യവും കൃത്യമായി നിർവഹിക്കും. രാഹുലിന്റെ യാത്ര ബിജെപിക്കെതിരെയല്ല. കോൺഗ്രസിൽ തന്റെ നേതൃത്വം ചോദ്യം ചെയ്യുന്നവരെ ജയിക്കാനായി നടത്തുന്ന ശ്രമമാണ്. ഭാരതയാത്ര എന്നാണ് പേരെങ്കിലും 19 മിക്കവാറും കേരളത്തിൽ മാത്രമായി ഒതുങ്ങുകയാണ് യാത്ര. കേരളത്തിൽ 19 ദിവസമുള്ള യാത്ര ഉത്തർ പ്രദേശിൽ രണ്ട് ദിവസം മാത്രമാണ്. എന്തായാലും യാത്ര നല്ലതാണ്. അങ്ങനെയങ്കിലും കോൺഗ്രസ് നേതാക്കളുടെ ദുർമേദസ്സ് കുറയട്ടെ എന്ന് സുരേന്ദ്രൻ പരിഹസിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ പി. രഘുനാഥ്, ജില്ല അധ്യക്ഷൻ വി.കെ. സജീവൻ, ജനറൽ സെക്രട്ടറി ഇ. പ്രശാന്ത്കുമാർ, ഉപാധ്യക്ഷൻ ഹരിദാസ് പൊക്കനാശ്ശേരി എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Post Your Comments