തിരുവനന്തപുരം നഗരത്തിലെ ശുചീകരണ തൊഴിലാളികൾക്ക് മതിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലെന്നു ചൂണ്ടിക്കാട്ടി ആരോഗ്യപ്രവർത്തകനും കോൺഗ്രസ് നേതാവുമായ ഡോ: എസ്.എസ്. ലാൽ. മാലിന്യം വാരുമ്പോൾ കയ്യുറ ധരിക്കുന്നത് പോലെ ബൂട്ട്സും ധരിക്കേണ്ടത് ആണെന്നും ഇത് നഗരസഭ തൊഴിലാളികൾക്ക് നൽകേണ്ടത് ആണെന്നും ഡോക്ടർ പറയുന്നു.
read also: നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണം അന്വേഷിക്കാന്‍ സിബിഐ
കുറിപ്പ് പൂർണ്ണ രുപം,
തിരുവനന്തപുരം മേയറോട്
തിരുവനന്തപുരം നഗരത്തിലെ ഒരു ശുചീകരണ തൊഴിലാളിയാണെന്നാണ് ഈ യുവാവിൽ നിന്നും അറിഞ്ഞത്. വള്ളിച്ചെരുപ്പുമിട്ട് തുരുമ്പിച്ച ഉന്തുവണ്ടിയുമായി മാലിന്യം വാരുകയാണ് അയാൾ. കയ്യുറയുണ്ട്, നല്ല കാര്യം. കാലിൽ ബൂട്ട്സ് ആണ് ഇടേണ്ടതെങ്കിലും ഒരു ഷൂസോ അത്യാവശ്യം കാല് സംരക്ഷിക്കുന്ന ചെരുപ്പോ ഇടണമെന്ന് ഞാനയാളോട് പറഞ്ഞു. അയാളുടെ മറുപടി മുഖത്തെ നിസ്സഹായതയായിരുന്നു.
രണ്ടു ദിവസം മുമ്പും വണ്ടിയുടെ കൂർത്ത വക്ക് കൊണ്ട് കാല് മുറിഞ്ഞ അടയാളം അയാൾ കാണിച്ചു. ആശുപത്രിയിൽ പോയി ടി.ടി കുത്തിവയ്പും എടുത്തെന്ന്.
കോർപ്പറേഷൻ തന്നെ നിങ്ങൾക്ക് ഷൂസ് വാങ്ങിത്തരേണ്ടതാണെന്ന് പറഞ്ഞപ്പോൾ അയാൾക്ക് അത് അവിശ്വസനീയമായി തോന്നിയതുപോലെ. നല്ല ഷൂസ് ഇല്ലെങ്കിൽ അപകടങ്ങൾ ഉണ്ടാകാമെന്ന് അയാളോട് പറഞ്ഞു. ഈ നാട്ടിലെ ഭരണാധികാരികളുടെയും അയാളുടെയും ജീവന്റെ വില തുല്യമാണെന്നും അയാളോട് പറഞ്ഞു.
ഒരുപക്ഷേ ഈ ചിത്രം അയാൾക്ക് കോർപ്പറേഷനിൽ നിന്ന് ഷൂസ് കിട്ടാൻ കാരണമാകുമെന്ന് ഞാൻ പറഞ്ഞു. എനിക്കാ പ്രതീക്ഷയുണ്ട്. അയാളുടെ അനുവാദത്തോടെ കാലിന്റെയും വണ്ടിയുടെയും ചിത്രമെടുത്തു. സമീപം ഒരു സ്ത്രീ തൊഴിലാളിയും ഉണ്ടായിരുന്നു. അവർക്കും വളളിച്ചെരുപ്പ്. അവരോടും കാര്യം പറഞ്ഞു.
കോർപറേഷൻ മേയറും മറ്റധികാരികളും ശ്രദ്ധിക്കണം. ഇങ്ങനെ കാലിൽ മുറിവുണ്ടായാൽ ടെറ്റനസ് മാത്രമല്ല രോഗമായി വരാവുന്നത്. എലിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങളുള്ള ഈ നാട്ടിൽ ശുചീകരണത്തൊഴിലാളികൾ കാലുകൾ സംരക്ഷിക്കുന്ന ബൂട്ടുകൾ ധരിക്കാത്തത് അപകടമാണ്. അവർക്ക് ബൂട്ട്സ് നൽകുക. കുറഞ്ഞത് ഷൂസുകൾ എങ്കിലും നൽകുക.
ഷൂസുകൾ നൽകാൻ പദ്ധതിയുണ്ടായിട്ടും അത് നടക്കാത്തതാന്നോ എന്നറിയില്ല. കിട്ടിയിട്ടും തൊഴിലാളികൾ ധരിക്കാത്തതാണെന്ന് തോന്നുന്നില്ല. എന്തായാലും തൊഴിലാളികൾക്ക് ഇക്കാര്യത്തിൽ അവബോധമുണ്ടാക്കാൻ കോർപറേഷന്റെ ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം കൊടുക്കണം.
ബൂട്ട്സ് വാങ്ങാൻ കോർപറേഷന് യഥാർത്ഥത്തിൽ പണമില്ലെങ്കിൽ നമുക്ക് സ്പോൺസർമാരെ കണ്ടെത്താം. പാദരക്ഷകൾ വിൽക്കുന്ന കമ്പനികളോട് മേയർക്ക് ആവശ്യപ്പെടാം. സ്പോൺസർമാരെ കണ്ടെത്താൻ ഞാനും സഹായിക്കാം. കുറച്ചു ജോഡികൾ വ്യക്തിപരമായി ഞാനും ചില സുഹൃത്തുക്കളും സ്പോൺസർ ചെയ്യാം.
തെരുവുകൾ ശുചിയാക്കി നഗരത്തിന്റെയും നമ്മുടെയും മുഖം മിനുക്കുന്ന ഈ തൊഴിലാളികളുടെ ആരോഗ്യവും ജീവനും നമുക്കും പ്രധാനപ്പെട്ടതാണ്. ആരോഗ്യത്തിലും ശുചിത്വത്തിലും കേരളത്തിന്റെയും തിരുവനന്തപുരത്തിന്റെയും നേട്ടങ്ങൾ വായിച്ചറിഞ്ഞിട്ടുളള ആരെങ്കിലും ഇത് കണ്ടാൽ നാണക്കേടുമാണ്.
ശരീരത്തിൽ മുറിവുണ്ടാകുമ്പോഴെല്ലാം പോയി കുത്തിവയ്പെടുക്കുന്ന രീതി തൊഴിലാളികൾക്കിടയിൽ ഉണ്ട്. മറ്റു ചിലരിലും ഈ രീതി കണ്ടിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കിടയിലും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ആ വിഷയം വേറൊരു ദിവസം എഴുതാം.
ഡോ: എസ്.എസ്. ലാൽ
Post Your Comments