ന്യൂഡല്‍ഹി: മോട്ടര്‍ സൈക്കിളിനെ ചൊല്ലി സഹോദരങ്ങള്‍ തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും പരിഹരിക്കാന്‍ ശ്രമിച്ച സുഹൃത്ത് കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മോട്ടര്‍ സൈക്കിള്‍ ഓടിച്ചെത്തിയ ഷാരുഖിനെ സഹോദരന്‍ ഷാബിര്‍ തടഞ്ഞു നിര്‍ത്തുകയും ബൈക്ക് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തല്ലുകയാണുണ്ടായത്.
പ്രശ്‌നം പരിഹരിക്കുന്നതിനായി ഇരുവരും സുഹൃത്തായ മോയിന്‍ ഖാന്‍ എന്ന മോണ്ടിയുടെ അടുത്തെത്തുകയും ഇയാള്‍ ഇരുവരുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍ മോണ്ടിയുടെ സംസാരത്തില്‍ പ്രകോപിതനായ ഷാരുഖ് മോണ്ടിയോട് അപമര്യാദയായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്തു. വഴക്കു മൂര്‍ച്ഛിക്കുന്നതിനിടയില്‍ മോണ്ടിയുടെ ബന്ധുവായ ഫര്‍ദീനും, അര്‍മാനും സ്ഥലത്തെത്തുകയും കൂട്ടത്തല്ല് നടക്കുകയും ചെയ്തതായി പോലീസ് പറയുന്നു.
സംഘര്‍ഷം രൂക്ഷമായതോടെ ഷാരുഖ് കത്തിയെടുത്ത് മോണ്ടി, അര്‍മാന്‍, ഫര്‍ദീന്‍ , ഷബീര്‍ എന്നിവരെ കുത്തുകയായിരുന്നു. പരിക്കേറ്റ ഇവരെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോണ്ടി മരണപ്പെടുകയാണുണ്ടായത്. സംഭവത്തില്‍ മുഖ്യ പ്രതി ഷാരൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments