
ഈ പുരോഗമന കാലത്തും കന്യകാത്വ പരിശോധന നടക്കുന്നുണ്ടോ എന്ന് പലരും ചിന്തിക്കും. രാജസ്ഥാനിലെ ഭിൽവാരയിൽ കഴിഞ്ഞദിവസം ഭർതൃഗൃഹത്തിലെത്തിയ നവവധുവിനെ വരന്റെ മാതാപിതാക്കൾ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയത് വലിയ വാർത്തയായിരുന്നു. കന്യകാത്വ പരിശോധനയിൽ പെൺകുട്ടി പരാജയപ്പെട്ടതായി ആരോപിച്ച് വരന്റെ ബന്ധുക്കൾ യുവതിയെ മർദ്ദിക്കുകയും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് യുവതിയോടു ഗ്രാമസഭ ആവശ്യപ്പെടും ചെയ്തു. യുവതി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഈ സംഭവം പൊതു സമൂഹം അറിഞ്ഞത്.
സ്ത്രീകൾക്ക് ഉന്നത സ്ഥാനമാണ് ഭാരതീയ സംസ്കാരം നൽകുന്നത്. എന്നാൽ പല ഗോത്രങ്ങളും അവരുടേതായ ആചാര അനാചാരങ്ങൾ ഇപ്പോഴും പിന്തുടരുന്നുണ്ട്. അത്തരം ആചാരങ്ങളിൽ ഒന്നാണ് ‘കുക്കടി പ്രഥ’. രാജസ്ഥാനിലെ ഗോത്രവർഗമായ സാൻസി വിഭാഗത്തിൽ നിലനിൽക്കുന്ന അനാചാരമാണ് ‘കുക്കടി പ്രഥ’.
നവവധുവിന്റെ കന്യകാത്വ പരിശോധന നടത്തുന്നതിനുള്ള പേരാണിത്. വിവാഹിതരായ ദമ്പതികളുടെ മധുവിധു വേളയിൽ കിടക്കയിൽ വെളുത്ത വിരി വിരിച്ചാണ് പരിശോധനയ്ക്ക് ‘കളമൊരുക്കുക’. ഇതോടൊപ്പം കട്ടിലിൽ വൃത്തിയുള്ള വെളുത്ത നൂലും (കുക്കടി) വയ്ക്കുന്നു. നവദമ്പതികൾ ബന്ധത്തിൽ ഏർപ്പെട്ടാൽ, യുവതിയുടെ കന്യാചർമം പൊട്ടി കിടക്കവിരിയിലും നൂലിലും രക്തക്കറ കാണും എന്നാണ് വിശ്വാസം. പിറ്റേന്നു രാവിലെ കുടുംബാംഗങ്ങൾ വിരിപ്പിലും നൂലിലും രക്താംശം കണ്ടെത്തുന്നതോടെ കുക്കടി പ്രഥ ചടങ്ങ് പൂർത്തിയാകും. ‘കുകാരി കി രസ്’ എന്നും ഇതിനു പേരുണ്ട്. രക്തക്കറ കണ്ടെത്തിയില്ലെങ്കിൽ യുവതിയ്ക്ക് നേരിടേണ്ടി വരുന്നത് അപമാനങ്ങളും മർദ്ദനവും ആയിരിക്കും. യുവതി സൽസ്വഭാവമില്ലാത്തവളോ അശുദ്ധയായോ കണക്കാക്കപ്പെടും.
യുവതിയുടെ കന്യകാത്വം പരിശോധിക്കാൻ മറ്റു ചില പരിശോധനകളും നിലനിൽക്കുന്നുണ്ട്. വെള്ളത്തിൽ തലമുക്കിത്താഴ്ത്തി എത്രനേരം പിടിച്ചുനിൽക്കുമെന്നു പരിശോധിക്കുന്ന ‘ജലപരീക്ഷ’, ചുട്ടുപഴുത്ത ഇരുമ്പ് കയ്യിൽപിടിച്ചു നിൽക്കുന്ന അഗ്നി പരീക്ഷ തുടങ്ങിയവ ഉദാഹരണം. ഇത് കൂടാതെ, രണ്ടുവിരൽ പരിശോധനയും ചിലയിടങ്ങളിൽ ഉണ്ട്. യോനിക്കുള്ളിൽ ഡോക്ടർ രണ്ട് വിരലുകൾ പ്രവേശിപ്പിച്ച് കന്യാചർമം കേടുകൂടാതെയുണ്ടോ എന്നു പരിശോധിക്കുന്ന ശാരീരിക പരിശോധനയാണിത്. സുപ്രീം കോടതി 2013 മേയിൽ രണ്ടു വിരൽ പരിശോധന നിരോധിച്ചിരുന്നു.
Post Your Comments