വിളപ്പിൽശാല: വീട്ടിൽ കയറി വയോധിക ദമ്പതികളെ കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. തച്ചോട്ടുകാവ് പിടാരം മിഥുല വീട്ടിൽ രാകേഷ് (47), വിളവൂർക്കൽ ഈഴക്കോട് കുറകോണത്ത് കിഴക്കുംകര വീട്ടിൽ രാജേഷ് (38) എന്നിവരാണ് അറസ്റ്റിലായത്.
മുക്കംപാലമൂട് കൈതക്കുഴി മടത്തറ പുത്തൻവീട്ടിൽ ശശിധരനെയും ഭാര്യ ഇന്ദിരയെയുമാണ് ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭൂമി വിൽപന സംബന്ധിച്ച തർക്കമാണ് വീട് കയറിയുള്ള ആക്രമണത്തിലും കത്തിക്കുത്തിലും കലാശിച്ചത്. ഭൂമി വാങ്ങുന്നതിനായി വൃദ്ധ ദമ്പതികളുമായി കരാറുണ്ടാക്കുകയും പിന്നീട് ഭൂമിയുടെ വില കുറയ്ക്കാനായി ഭീഷണിപ്പെടുത്തുകയും ചെയ്തതിനു ശേഷം പ്രതികൾ കഴിഞ്ഞ ദിവസം വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Read Also : സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് ഇൻസെന്റീവ് വിതരണം ചെയ്തു
സംഭവത്തിൽ, ഗുരുതരമായി പരിക്കേറ്റ ദമ്പതികൾ മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലാണ്. ഇന്ദിരയുടെ വയറ്റിലും നെഞ്ചിലും കഴുത്തിലും നിരവധി കുത്തേറ്റിരുന്നു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ വിളപ്പിൽശാല പൊലീസ് ഇൻസ്പെക്ടർ എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ എസ്.വി. ആശിഷ്, ജെ. രാജൻ, എഎസ്ഐ ആനന്ദക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കാട്ടാക്കട ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments