കൊച്ചി: ലഹരി മാഫിയയുടെ ചതിയില്‍ കുടുങ്ങി മലയാളി യുവാവ് ഖത്തറില്‍ ജയിലിലായി. വരാപ്പുഴ പാപ്പുത്തറ വീട്ടില്‍ ജയയുടെ മകനായ യശ്വന്താണ് ജയിലിലായത്.
ജൂണ്‍ ഏഴിനാണ് ജയയുടെ പരിചയക്കാരനായ എടത്തല സ്വദേശി നിയാസിന്റെ വാക്കുവിശ്വസിച്ച്, മര്‍ച്ചന്റ് നേവിയില്‍ ഡിപ്ലോമക്കാരനായ മകനെ ഖത്തറിലേക്ക് യാത്രയാക്കിയത്. ഫിഫ ഫുട്ബാള്‍ വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളില്‍ ജോലിയൊഴിവ് ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ ജയയെ സമീപിച്ചത്.
ദുബായില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രയ്ക്കിടെയാണ് അടിയന്തരമായി എത്തിക്കേണ്ട മരുന്നാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഒരു പാഴ്സല്‍ യശ്വന്തന് നല്‍കുകയായിരുന്നു. ഖത്തറിലിറങ്ങിയ യശ്വന്തിനെ വിമാനത്താവള അധികൃതര്‍ പിടികൂടിയപ്പോഴാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് തന്നുവിട്ടതെന്ന് മനസിലാകുന്നത്.
പിന്നീട് മകനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് നിയാസിനെ ജയ വിളിച്ചെങ്കിലും യശ്വന്ത് ക്വാറന്റൈനില്‍ ആയിരിക്കുമെന്ന് പറഞ്ഞൊഴിയുകയായിരുന്നു. ഖത്തര്‍ ജയിലില്‍ നിന്ന് യശ്വന്ത് വിളിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ജയ അറിയുന്നത്. ആലുവ റൂറല്‍ എസ്.പിക്ക് നല്കിയ പരാതിയില്‍ നിയാസിനെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പരാതി നല്‍കിയിട്ടുണ്ട്. യശ്വന്തിനെ ജാമ്യത്തിലിറക്കാനും തിരികെ നാട്ടിലെത്തിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്‍പ്പെടെ നിരവധി രേഖകളും മറ്റും വേണം. ഉന്നതര്‍ നേരിട്ട് വിളിച്ചാല്‍ ജാമ്യവും മടക്കയാത്രയും എളുപ്പമാകുമെന്നാണ് ഖത്തര്‍ ജയില്‍ അധികൃതര്‍ അറിയിച്ചതെന്ന് ജയ പറയുന്നു.
Post Your Comments